Thursday, August 31, 2006

ഈശ്വരാ, കണ്ട്രോള്‍ തരൂ...

ഇവന്‍ മുന്ന - ഞങ്ങളുടെ മൂന്നു വയസ്സുകാരന്‍, എല്ലാം കാണുന്നവന്‍, കാണുന്നതെല്ലാം ഉമ്മ തന്നും, സെന്റിയടിച്ചും, ഏറ്റില്ലെങ്കില്‍ കരഞ്ഞും വാങ്ങിപ്പിക്കുന്നവന്‍! വാങ്ങുമ്പോള്‍ ഉള്ളതില്‍ മുന്തിയത് തന്നെ വാങ്ങിപ്പിക്കുന്നതില്‍ അവന്റമ്മേക്കാള്‍ പ്രാവീണ്യം ഉള്ളവന്‍! വാങ്ങുന്നതെല്ലാം ഒരു രാത്രി മുഴുമിക്കാന്‍ ഇടവരുത്താതെ എങ്ങനെ പീസുകളാക്കാം എന്ന വിഷയത്തില്‍ അവന്റപ്പനേക്കാള്‍ അവഗാഹമുള്ളവന്‍!! എന്നാല്‍ ഉള്ളതു പറയണമല്ലോ, അവനതിന്റെ യാതൊരു അഹങ്കാരവുമില്ല!! ഇവന്‍ മുന്ന!

ഷോപ്പിങ്ങിനു പോകും മുന്‍പ് ഞാന്‍ മുട്ടിന്മേല്‍ നിന്നു പ്രാര്‍ത്ഥിക്കും, നേര്‍ച്ചകള്‍ നേരും "തമ്പുരാനേ പോകുന്നിടത്തെ ടോയ്സ് ഒന്നും എവന്‍ കാണല്ലേ.. അഥവാ കണ്ടാലും ഇത്തിരി മയമുള്ളതേ കാണാവേ..." എന്തു നേര്‍ച്ച നേര്‍ന്നാലും അതു ഫലിച്ചാല്‍ ലാഭം തന്നെ! പക്ഷെ ഊപ്പര്‍വാല എപ്പൊഴും അവന്റൊപ്പമേ നിക്കൂ...

ഇന്നലെ വൈകുന്നേരം ഒരു റിമോട്ട് കണ്ട്രോള്‍ഡ് കാറിലാണ്‌ മൂപ്പരുടെ കണ്ണു പതിഞ്ഞത്‌! "തള്ളേ, പെട്ടല്ലോ" എന്ന അത്മഗതത്തോടെ അതിന്റെ വില ഞാന്‍ പാളി നോക്കി... ഇല്ല അവനീത്തവണയും തെറ്റീട്ടില്ല! അതിന്റെ വിലയെ തോല്പ്പിക്കാന്‍ ശ്രീമതിയുടെ മണിക്കൂറുകള്‍ നീണ്ട ഷോപ്പിങ്ങ് ലിസ്റ്റിനും കഴിയില്ല!!

കാര്‍ കണ്ടയുടനെ നമ്മുടെ സാര്‍ ഒന്നാം ഖണ്ഡികയില്‍ വിവരിച്ച ഓര്‍ഡറില്‍ തന്റെ പ്രവര്‍ത്തനം ആരംഭിച്ചു. സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും കഴുത്തിനു പിടിച്ചു വെളിയില്‍ തള്ളും എന്ന നിലയെത്തിയപ്പൊള്‍, ടോയ്സിനു വിലയിടുന്നവനെ ശപിച്ചു ഭസ്മമാക്കി, അതു വാങ്ങിക്കൊടുത്തു... വിജയസ്മിതത്തോടെ അവനത് ഏറ്റുവാങ്ങുമ്പോള്‍ "നിന്റെ സന്തോഷത്തേക്കാള്‍ വലുതായ് എനിക്കു ലോകത്തൊന്നുമില്ല കുഞ്ഞേ" എന്ന ആശ്വാസത്തോടെ ഞാന്‍ ഉപദേശിച്ചു: "കുട്ടാ ഇതു പൊട്ടിക്കല്ലേ, ഒത്തിരി വിലയുള്ളതാ..."

അതുപിന്നെനിക്കറിയില്ലേ എന്ന ഭാവത്തില്‍ അവന്‍ പറഞു "ഇല്ലപ്പാ മുന്ന സൂഷിക്കാം കേട്ടോ". “ആഹാ കേള്‍ക്കാനെന്താ ഒരു സുഖം" എന്നു വിചാരിച്ചു മുഴുമിച്ചില്ല, കാറതാ എസ്കലേറ്ററിന്റെ പടികളില്‍ തലതല്ലി, താഴത്തെ നിലയില്‍ കിടക്കുന്നു ആയിരത്തൊന്നു പീസുകളായയ്യയ്യൊ ശിവ ശിവ #%$*&^?!ട്%^ !!!

കരയണോ, ഇറങ്ങി ഓടണോ എന്നറിയാതെ പകച്ചു നില്ക്കുന്ന എന്നെ അവന്‍ തോണ്ടി വിളിക്കുമ്പോള്‍ "സോറി" പറയാനാവും എന്നു കരുതി "പോട്ടു കുട്ടാ സാരമില്ല" എന്നാശ്വസിപ്പിക്കാം എന്നു കരുതുമ്പോള്‍ ആവന്റെ അടുത്ത "ചോദ്യം "അപ്പാ ഇനി എന്നാ നമ്മള്‍ ഇവിടെ വരുന്നേ"...

ഈശ്വരാ എനിക്കു കണ്ട്രോള്‍ തരൂ...

Saturday, August 26, 2006

ഐസ്ക്രീം മാഹാ‍ത്മ്യം

ഭാര്യ കാര്യമായ് ഷോപ്പ് ചെയ്യുമ്പൊ ഞങ്ങളുടെ മൂന്നുവയസ്സുകാരന്‍ അടങ്ങിയിരിക്കട്ടെ എന്നു കരുതി അവനെ സ്നേഹത്തോടെ കൂട്ടി കൊണ്ടുപോയി ഒരു ലാര്‍ജ് ഗപ്പ് ഐസ്ക്രീം വാങ്ങി, ഷോപ്പിങ്ങ് മാളിലെ മാര്‍ബിള്‍ ബന്‍ച്ചിലിരുത്തി, കോരി കോരി കൊടുത്തു... പിറ്റേന്നു രാവിലെ നല്ല രസ്യന്‍ ചുമയോടെ ആള്‍ ഉണര്‍ന്നു...

ഞാന്‍ ചോദിച്ചു "കുട്ടാ എങ്ങനാ ചുമ പിടിച്ചേ?"
അവന്‍ പറഞ്ഞു "മുന്ന ഐക്കീം തിന്നിട്ട്"
ഞാന്‍ "കണ്ടൊ, ഇനി ഐസ്ക്രീം തിന്നല്ലേ, ചുമ വരില്ലേ"
അവന്‍ നെറ്റിയില്‍ കയ്യടിച്ച് ‘ഇയ്യാളെ ഞാനെന്താ ചെയ്ക‘ എന്ന രീതിയില്‍ പറഞ്ഞു "ഓ ഈ അപ്പേന്റെ ഒരു കാര്യം !, മുന്നക്ക് ചുമ പിടിച്ചത് ഈ മരുന്നു കയിക്കാനല്ലേ, ഐക്കീം പാവമല്ലേ...?"

എന്റെ പൊന്നേ നമിച്ചിരിക്കുന്നു....

Monday, August 21, 2006

സാംബന്റെ വൈഭവം...

[കഥാപ്രസംഗത്തെ ജനകീയവല്‍ക്കരിച്ച വി. സാംബശിവന്റെ ഓര്‍മ്മയില്‍]

കഥാപ്രസംഗത്തിന്റെ കുലപതി ശ്രീ സാംബശിവന്റെ ഒരു വേദി. ജന സഹസ്രങ്ങളെ മണിക്കൂറുകളോളം ആസ്വാദനത്തിന്റെ നെറുകയിലേക്കുയര്‍ത്തുന്ന കഥന വൈഭവമായിരുന്നല്ലോ ശ്രീ സാംബന്റേത്‌. നുറുങ്ങു തമാശകളും, കുറിക്കുകൊള്ളുന്ന ആക്ഷേപഹാസ്യവും, ഈര്‍ച്ചവാള്‍ പോലെ തറഞ്ഞു കയറുന്ന വിമര്‍ശ്ശന ശരങ്ങളും കൊണ്ടു ശ്രോതാക്കളെ രസിപ്പിക്കാനുള്ള തന്റെ കഴിവ്‌ അപാരം തന്നെ. എന്നാല്‍ കഥന സമയത്ത്‌ ശ്രോതക്കളുടെ ശ്രദ്ധ മാറിപ്പോകും വിധം ആരെങ്കിലും എഴുന്നേറ്റ്‌ നടക്കുകയൊ മറ്റോ ചെയ്താല്‍ അവരെ കണക്കറ്റ്‌ പരിഹസിക്കുന്നതും പ്രശസ്തമാണ്‌.

ഈ വേദിയില്‍ കഥ കത്തിക്കയറുന്നു, ജനങ്ങള്‍ ഇമ‍ചിമ്മാതെ കേട്ടിരിക്കുന്നു. അപ്പൊഴാണ്‌ എന്റെ ഒരു സുഹൃത്തും, പരിവാരങ്ങളും, ഒരിടത്തും ഇരിപ്പുറക്കാതെ പെണ്‍പൂക്കളെ തിരഞ്ഞ്‌ ജനങ്ങള്‍ക്കിടയില്‍ ചാലു കീറാന്‍ തുടങ്ങിയത്‌.സാംബന്‍ കഥ തുടരുകയാണ്‌ "... കഥാനായികയുടെ അപ്പന്‍, പ്രായമാ, അയ്യോ ഒന്നിനും അങ്ങു വയ്യ, എല്ലാത്തിനും ആരെങ്കിലും സഹായിക്കണം" പിന്നെ നമ്മുടെ ഫ്ലവര്‍ റ്റെയ്‌ലന്മാരുടെ നേരെ വിരല്‍ ചൂണ്ടി തന്റെ സ്വതസിദ്ധമായ ശൈലിയില്‍ തുടര്‍ന്നു "തീര വയ്യ കേട്ടോ, കണ്ടില്ലേ ദോ, ദോ, ദൊ കൊണ്ടുവരുന്നു, ദൊ കൊണ്ടുവരുന്നു, കണ്ടോ, താങ്ങി കൊണ്ടുവരുവാ, നോക്ക്‌" എല്ലാ കണ്ണുകളും നമ്മുടെ സാറന്മാരിലേക്കു തിരിഞ്ഞു, അവരോ, പെട്ടെന്നു കിട്ടിയ പ്രധാന്യത്തില്‍ ഒന്നു ഞെളിഞ്ഞു, പിന്നെ ചിരി ഉയരുമ്പോള്‍ ഒന്നു ഞെളിപിരി കൊണ്ട്‌ അവരവിടെ ഇരുന്നു, കാഥികന്‍ തുടര്‍ന്നു "അവിടെ വച്ചൊളൂ അങ്ങനെ, മെല്ലെ, മെല്ലെ, അങ്ങനെ"

പിന്നെ കഥയും കഴിഞ്ഞ്‌, ആളുകളെല്ലാം പിരിഞ്ഞിട്ടും അവര്‍ എഴുന്നേറ്റിട്ടില്ല... പിന്നീടൊരിടത്തും ഇത്തരം അവസരങ്ങളില്‍ പെണ്‍പൂക്കള്‍ അവരില്‍ താല്‍പര്യമുണര്‍ത്തിയിട്ടുമില്ല...

Tuesday, August 15, 2006

ഉലയാത്ത സമാധാനം...

(കഥാ തന്തു എന്റെതല്ല, മൂലകഥയുടെ അഞ്ജാത രചയിതാവിനോട്‌ കടപ്പാട്‌)

ചിത്ര രചനാ വേദിയാണ്‌ രംഗം. പ്രതിഭാധനരും, പ്രഗത്ഭരുമായ ഒരുകൂട്ടം ചിത്രകാരന്മാരുടെ നടുവിലേക്ക്‌, പുലിമടയിലെത്തിയ മാന്‍പേടയെ പോലെ അവളും വന്നു.

വിഷയം കാലികമായിരുന്നു - “സമാധാനം“. ബു.ജി. താടികളില്‍ വിരലോടിച്ചും, നാറിയ ജൂബ്ബയുടെ കീശയില്‍ കൈകടത്തിയും പലരും ആശയം തേടി. അവള്‍ക്ക്‌ അതു രണ്ടുമില്ലാഞ്ഞതിനാല്‍, അവള്‍ ചായക്കൂട്ടുകളില്‍ അഭയം തേടി...

മത്സര ശേഷം വരക്കപ്പെട്ട സമാധാന പ്രതീകങ്ങളെല്ലാം മത്സര മുറിയുടെ ചുമരുകളെ അലങ്കരിച്ചു. ചിത്ര കലാ വിചക്ഷണരും, പണ്ഡിതവര്യന്മാരും അടങ്ങുന്ന വിധി നിര്‍ണ്ണയ സമിതി അര്‍ഹിക്കുന്ന ഗൗരവത്തൊടെ ഓരോ ചിത്രത്തിന്റെയും തലനാരിഴ കീറി പരിശോധിച്ചു.

ആദ്യ ചിത്രം മനോഹരമായിരുന്നു. ശാന്തമായൊഴുകുന്ന പുഴ, അതിന്റെ വിരിമാറില്‍ നീന്തിത്തിടിക്കുന്ന അഹ്ലാദഭരിതരായ കുട്ടികള്‍, ഇരുകരയും പരവതാനി വിരിച്ചിരിക്കുന്ന വര്‍ണ്ണശബളമായ പുഷ്പങ്ങള്‍ ... ഉദയസൂര്യന്റെ കിരണങ്ങളാല്‍ അലങ്കരിക്കപ്പെട്ടിരുന്നു അടുത്ത ചിത്രം. പച്ച വിരിച്ച പുല്‍മേടുകള്‍ക്ക്‌ തിളക്കം നല്‍കി ഉദിച്ചുയരുന്ന സൂര്യന്‍, തലയാട്ടുന്ന മരങ്ങള്‍, പാടുന്ന കുയില്‍... ഓരോ ചിത്രവും ഒന്നിനൊന്നു മെച്ചമായിരുന്നു... അങ്ങനെ അവളുടെ ഊഴവും എത്തി, പല വിധികര്‍ത്താക്കളുടെയും നെറ്റി ചുളിഞ്ഞു, കണ്ണുകള്‍ ചുരുങ്ങി. പിന്തുടര്‍ന്നുവന്ന പല ചിത്രകാരന്മാരുടെയും ചുണ്ടില്‍ പുച്ഛവും സഹതാപവും കലര്‍ന്ന പുഞ്ചിരി വിരിഞ്ഞു!

വിചിത്രമായിരുന്നു അവളുടെ ചിത്രം. ഉയര്‍ന്ന മലയില്‍ നിന്നും ഇരമ്പിയൊഴുകി, പാറക്കെട്ടുകളില്‍ ആര്‍ത്തല‍ച്ച്‌ അഗാധതയിലേക്ക്‌ ഇരമ്പലായി പ്രവഹിക്കുന്ന ഒരു വെള്ളച്ചാട്ടം, ആഞ്ഞടിക്കുന്ന കാറ്റില്‍ ആടിയുലയുന്ന മരച്ചില്ലകള്‍, ഇരുണ്ട ആകാശം... ഭീകരത നിറഞ്ഞ അന്തരീക്ഷം... ഇതെന്തു സമാധാനമെന്ന് പലരും ഉള്ളില്‍ ചിരിച്ചു.

വിധിനിര്‍ണ്ണയം പൂര്‍ത്തിയാക്കി വിജയിയെ പ്രഖ്യാപിക്കുവാന്‍ കുറെ അധികം സമയം വേണ്ടിവന്നു. ഒന്നാം സമ്മനാര്‍ഹയായ്‌ അവളെ പ്രഖ്യാപിച്ചപ്പോള്‍ ഒരു നിമിഷം ആ മുറിയില്‍ ശ്മശാന മൂകത പരന്നു, പിന്നെ പിറുപിറുപ്പുകളും, പ്രതിഷേധങ്ങളും ആ മുറിയെ ശബ്ദമുഖരിതമാക്കി. മാധ്യമ വീരന്മാര്‍ ചോദ്യ ശരങ്ങളാല്‍ വിധികര്‍ത്താക്കളെ പൊതിഞ്ഞു.

വിധികര്‍ത്താക്കളുടെ തലവനായ വന്ദ്യ വയോധികന്‍ ഒരു മന്ദഹാസത്തോടെ തന്റെ കരങ്ങള്‍ മെല്ലെ ഉയര്‍ത്തി എല്ലാവരും ശാന്തരാവാന്‍ അഭ്യര്‍ത്ഥിച്ചു. അദ്ദേഹം തന്റെ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു തുടങ്ങി "എല്ലാ ചിത്രങ്ങളും മനോഹരങ്ങളായിരുന്നു, എന്നാല്‍ ശാന്തതയെ പ്രതിനിധീകരിക്കുന്ന പല ചിത്രങ്ങളെയും പിന്തള്ളി, ഒറ്റനോട്ടത്തില്‍ വിചിത്രവും, ക്രൗര്യം നിഴലിക്കുന്നതുമായ ഈ ചിത്രത്തെ തിരഞ്ഞെടുത്തത്‌ വളരെനേരത്തെ വിചിന്തനങ്ങള്‍ക്കു ശേഷമാണ്‌.“ ഒന്നു നിര്‍ത്തി അദ്ദേഹം തുടര്‍ന്നു “ആര്‍ത്തലക്കുന്ന വെള്ളച്ചാട്ടത്തിനരികിലെ ആടിയുലയുന്ന വൃക്ഷക്കൊമ്പിലെ ആ ചെറുകിളിക്കൂട്‌ നിങ്ങള്‍ ശ്രദ്ധിച്ചോ? അതില്‍ തന്റെ കുഞ്ഞുങ്ങളെ ഊട്ടുന്ന അമ്മക്കിളിയെ നോക്കൂ, അവളുടെ കണ്ണില്‍ ഭീതിയില്ല, ചുറ്റുപാടുകളുടെ പ്രകമ്പനങ്ങള്‍ക്കുള്ളിലും, അവളുടെ ദിനങ്ങള്‍ സമാധാനപൂരിതമല്ലേ... അവളുടെ ഉള്ളിലല്ലേ സമധാനത്തിന്റെ ഉറവിടം?"

3ഒരു ചെറു പുഞ്ചിരിയോടെ വേദിയിലേക്കു നടക്കുന്ന അവളുടെ ഉള്ളും മന്തിച്ചു: "സമാധാനം എപ്പോഴും നിശബ്ദതയും, സുഗന്ധവും, മന്ദമാരുതനാലും അലങ്കരിച്ചെത്തുന്നതല്ല. കലുഷിതമായ ജീവിത സാഹചര്യങ്ങളിലും ജീവിതം ഉലയാതെ മുന്നോട്ടുനയിക്കുന്ന ഉള്‍ത്തടത്തിലെ പ്രകാശമാവട്ടെ സമാധാനം..."

മാളോരേ, ഇന്ത്യക്കിത് അന്‍പതാം പിറ്ന്നാള്‍...


ഇന്ത്യക്കിത് അന്‍പതാം പിറ്ന്നാള്‍... അര്‍ദ്ധ സെഞ്ചുറി.... ആഘോഷിച്ചാലോ..?

അയ്യോ അണ്ണാ, ഇതുതന്നെയല്ലേ നമ്മള്‍ ഇത്തിരി വര്‍ഷങ്ങള്‍ക്കു മുന്‍പ് റഹ്മാന്‍ സാറിന്റെ “മാ തുഝെ സലാം“ പാടി ആഘോഷിച്ചത്? ഒരു രാജ്യത്തിന് രണ്ട് അന്‍പതാം സ്വാതന്ത്ര്യ ദിനമോ!!!

മിണ്ടരുത് നീ അല്പജ്ഞാനി, വിവരദോഷി, ഒരു നാടിന്റെ ചരിത്രമറിയാത്ത കൂപ മണ്ഡൂകം....

അയ്യോ, നമിച്ചണ്ണാ, ഈ അല്പജ്ഞാനി നമിച്ചു.... അണ്ണന്റെ ഓര്‍മ്മ അപാരം, ചരിത്ര ജ്ഞാനം അത്യപൂര്‍വ്വം...

മാളോരേ, വിവരദോഷിപ്പുഴുക്കളേ സന്ദര്‍ശ്ശിക്കൂ http://www.keralakaumudi.com. വായിക്കു, വരിക്കാരാവൂ, മരിക്കാറാവൂ!!

Monday, August 14, 2006

അടിമനുകത്തില്‍ പെടാതിരിക്കാം...

"സ്വാതന്ത്യം തന്നെ അമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം, പാരതന്ത്ര്യം മാനികള്‍ക്ക്‌ മൃതിയേക്കാള്‍ ഭയാനകം..."

രാജ്യം, ഭീകര ഭീഷണിയ്ക്കു നടുവിലും, സ്വാതന്ത്ര്യ ദിനം കൊണ്ടാടാന്‍ ഒരുങ്ങുമ്പോള്‍, ഒരുമിക്കാം, കൈകള്‍ കോര്‍ക്കാം, നമിക്കാം, നമുക്കായ്‌ മരണം വരിച്ചവരെ, നാം ജീവിക്കാന്‍ ജീവന്‍ തന്നവരെ... ഇനിയും അടിമ നുകത്തില്‍ പെട്ടുപോകാതിരിക്കാന്‍ ജാഗരൂകരായ്‌ ഉണര്‍ന്നിരിക്കാം, തുരത്താം പിശാചിന്‍ ചിന്തകളെ. ജീവിക്കാം, ജീവന്‍ പകരാം മൃതപ്രായയാം ഭൂമിയ്ക്ക്‌.

നോവുമാത്മാവിനെ സ്നേഹിക്കാത്ത ഭ്രാന്തന്‍ തത്വസംഹിതകള്‍ക്കുള്ളില്‍ വീര്‍പ്പുമുട്ടുന്ന യുവത്വം ചങ്ങലകള്‍ പൊട്ടിച്ചെറിയട്ടെ. പുലരട്ടെ നിത്യ സമാധാനമെങ്ങും. ഈ രാത്രി ഇരുണ്ടു വെളുക്കുമ്പോള്‍, നന്മകള്‍ നിറയുന്ന, സ്നേഹം കിനിയുന്ന, ഒരുമ തെളിയുന്ന ഒരു ഭാരതം പിറന്നെങ്കില്‍ എന്ന സ്വപ്നവുമായ്‌....ജയ്‌ ഹിന്ദ്‌....

ഈ ചെറു കൈത്തിരിയുടെ സ്നേഹം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകള്‍...

Thursday, August 10, 2006

ഭേദപ്പെട്ട മരണം

2003 ന്റെ പാതി വഴിയിലെന്നോ, ജീവിതം ചെറിയ ഒരു മാനസിക പ്രതിസന്ധിയിലൂടെ കടന്നുപൊയ്കൊണ്ടിരുന്ന ഒരു ദിവസം, രാവിലെ ഓഫീസിലേക്കുള്ള യാത്രക്കിടയിലാണ്‌ ഒരു മിന്നല്‍ കൊടി പോലെ, അരോഗദൃഢഗാത്രനായ, അതിധീരനായ അഭിമന്യു, അശ്വാരൂഢനായ്‌ പത്മവ്യുഹം ഭേദിച്ചു മുന്നേറുന്ന ചിത്രം മനസ്സിനെ മഥിക്കാന്‍ ആരംഭിച്ചത്‌.

ഉടന്‍ തന്നെ സഹൃദയയായ ഒരു സുഹൃത്തിന്‌ SMS അയച്ചു "Karna died a better death than Abhimanyu, do u agree?". ബുദ്ധിമതിയായ എന്റെ സുഹൃത്ത്‌ വരികള്‍ക്കിടയില്‍ വായിച്ച്‌ എന്റെ സ്വകാര്യ പ്രശ്നങ്ങളുമായി അതിനെ ബന്ധിപ്പിച്ചതിനാല്‍ ആ ചിന്ത അന്നു മുറിഞ്ഞെങ്കിലും ഒരു കനലുപോലെ അതിങ്ങനെ നീറി നിന്നിരുന്നു.

അഭിമന്യു-ഇതിഹാസത്തിലെ വില്ലാളിവീരന്‍ അര്‍ജ്ജുനന്റെയും, ഭഗവത്‌സഹോദരി സുഭദ്രയുടെയും മകന്‍. ഗര്‍ഭത്തില്‍ വച്ചു തന്നെ പത്മവ്യുഹമെന്ന സങ്കീര്‍ണ്ണമായ യുദ്ധ തന്ത്രത്തിന്റെ പകുതിയോളം ഹൃദിസ്ഥമാക്കുവാന്‍ ഭാഗ്യം (അതോ, ദൗര്‍ഭാഗ്യമൊ?) സിദ്ധിച്ചവന്‍, സര്‍വ്വാദരണീയന്‍, സ്വജനങ്ങളുടെ സ്നേഹഭാജനം, കണ്ണിലുണ്ണി. ഈ സുന്ദരന്‍ ഒരിക്കലും യുദ്ധം കൊതിച്ചിരിക്കില്ല, മരണവും...!പാണ്ഡവപ്പട ദ്രോണാചാര്യരുടെ സുസജ്ജമായ പത്മവ്യൂഹം കണ്ടു പകച്ചു നിന്നപ്പോള്‍, പത്മവ്യൂഹം ഭേദിക്കാനല്ലാതെ, തിരികെ പുറത്തു കടക്കാനുള്ള വിദ്യ അറിയാതിരുന്നിട്ടും, തന്റെ പിതൃജനങ്ങളുടെയും, സൈനികരുടെയും മാനവും ജീവനും കാക്കാന്‍ സ്വജീവനെ തൃണവല്‍ഗണിച്ച്‌ തീവ്രവ്യഥയുടെ യുദ്ധക്കളത്തിലേക്ക്‌ പാഞ്ഞു കയറിയ അഭിമന്യുവിന്റെ മനസ്സില്‍ എന്തായിരുന്നിരിക്കണം! സഹോദരങ്ങള്‍ക്കുവേണ്ടി ജീവനെ കൊടുക്കുന്നതിലും അധികം സ്നേഹമില്ല എന്നു ബൈബിള്‍ വെളിപ്പെടുത്തുന്നെങ്കില്‍, അഭിമന്യുന്റെയുള്ളില്‍ ഇരമ്പിയത്‌ സ്നേഹക്കടലായിരുന്നില്ലേ? അവനതിസ്നേഹവാനായിരുന്നില്ലേ...? തന്റെ ജീവനെ പൊതിഞ്ഞു പിടിക്കുവാന്‍, സുദര്‍ശന ചക്രത്താല്‍ സൂര്യനെപ്പോലും മറയ്ക്കാന്‍ കഴിവുറ്റ ശ്രീകൃഷ്ണന്‍ ഉള്‍പ്പടെയുള്ള തന്റെ ബന്ധുജനങ്ങള്‍ പുറത്തുണ്ട്‌ എന്ന വസ്തുത ആയിരിക്കില്ലെ, അതിശക്തമായ പത്മവ്യുഹം ഭേദിച്ച്‌ ശത്രു പക്ഷത്ത്‌ വന്‍ പ്രഹരമേല്‍പിക്കുവാന്‍ തനിക്ക്‌ ആത്മബലമേകിയത്‌? ഒടുവില്‍ പുറത്തു കടക്കാനാവാതെ, രക്ഷിക്കാനാരുമില്ലാതെ നെഞ്ചില്‍ കൂരമ്പുകളേറ്റു മരണാസന്നനായി കിടക്കുമ്പോള്‍, ശക്തരായ പ്രിയജനങ്ങള്‍ക്കു തന്നെ വിടുവിക്കാനായില്ലല്ലോ എന്നതായിരിക്കില്ലെ പാണ്ഡവപുത്രനെ അസ്ത്രത്തെക്കാള്‍ കൂടുതന്‍ നോവിച്ചിരിക്കുക! അധികം സ്നേഹിച്ചവര്‍ക്കു നടുവില്‍ പരിത്യക്തനായിക്കിടക്കേണ്ടിവന്നതല്ലെ അതിദയനീയം?

കര്‍ണ്ണനെയൊ, ജീവിതം എന്നും ഒറ്റപ്പെടുത്തിയിട്ടേയുള്ളു. അത്യുഗ്രനായ, പ്രതാപശാലിയായ സൂര്യ പുത്രനെങ്കിലും, ജാര സന്തതി എന്ന ആക്ഷേപം ചുമന്നവന്‍, രാജകുമാരിക്കു പിറന്നിട്ടും, സൂതപുത്രനായി വളര്‍ന്നവന്‍, ആയുധ വിദ്യയില്‍ അനന്യസാധാരണമായ നൈപുണ്യം കാട്ടിയെങ്കിലും ശാപഗ്രസ്തനായി പുറന്തള്ളപ്പെട്ടവന്‍. യുദ്ധ സന്നാഹങ്ങള്‍ ഒരുക്കൂട്ടുമ്പോള്‍, ഗൂഢമായി മാതൃത്വം ഏറ്റുപറഞ്ഞ പെറ്റമ്മ, ശത്രുപക്ഷത്തു പട നയിക്കുന്ന സ്വസഹോദരരുടെ ജീവനു ഭിക്ഷ യാചിക്കുമ്പോള്‍, ആദര്‍ശധീരനായി സ്വരക്തത്തെ മറക്കുവാന്‍ മനക്കരുത്തു കാട്ടുന്നു. പിതാവു സംരക്ഷണ വലയമായി കനിഞ്ഞു നല്‍കിയ അജയ്യതയുടെ കവച കുണ്ഡലങ്ങളെ ബ്രഹ്മണ വേഷമിട്ട ഇന്ദ്രനു ദാനം ചെയ്യുമ്പോള്‍ തന്റെ മരണ പത്രത്തില്‍ അവന്‍ കയ്യൊപ്പു വക്കുകയായിരുന്നില്ലെ... മരണത്തെ സ്വയം വരിക്കുകയായിരുന്നില്ലെ.

കര്‍ണ്ണനും, അഭിമന്യുവും മരണം പുല്‍കുന്നു. വീരമൃത്യു ഇതിഹാസത്തിന്റെ താളുകളില്‍ കുറിക്കപ്പെടുന്നു. ഒരുവന്‍ സ്നേഹിച്ചവര്‍ക്കു വേണ്ടി തന്റെ ജീവന്‍ മറുവിലയാക്കിയപ്പേ്പാള്‍, അപരന്‍ ആദര്‍ശത്തിനായ്‌ മരണം ഏറ്റുവാങ്ങുന്നു. ഒരുവന്‍ ബലവന്മാരായ സഹോദരര്‍ ചുറ്റും സായുധരായി നില്‍ക്കുമ്പോഴും നിസ്സഹായനായി, നിരാലംബനായി മരിക്കുമ്പോള്‍ അപരന്‍ താന്‍ മനസ്സില്‍ ഉറപ്പിച്ച മരണം സ്വീകരിക്കുന്നു. മരണത്തിന്റെ തണുത്ത വിരല്‍സ്പര്‍ശം ശരീരത്തില്‍ പടരുമ്പോള്‍, സമാധാനത്തോടെ തന്റെ വിധിക്കു കര്‍ണ്ണന്‍ കീഴടങ്ങിയെങ്കില്‍, തന്റെ കോമള ഗാത്രത്തില്‍ ശോണിതവുമണിഞ്ഞ്‌, രക്ഷകരായി താന്‍ മനസ്സില്‍ കോറിയിട്ടിരുന്നവര്‍ക്കു നേരെ, അഭിമന്യു ഹൃദയ വേദനയുടെ ഒരു നോട്ടം എറിഞ്ഞു കാണില്ലേ, അവന്റെ കണ്‍കോണുകളില്‍, നിരാശയുടെ ഒരു നീര്‍കണമെങ്കിലും പൊടിഞ്ഞിരിക്കില്ലേ...

ഒരു കൈത്താങ്ങിന്‌ ഉപകരിക്കുന്നില്ലെങ്കില്‍, സനാഥ മരണത്തിലും അഭികാമ്യം അനാഥ മരണം തന്നെയല്ലേ...?

[thanks to my wife for helping me revive this silly thought]

Wednesday, August 09, 2006

മധുരമീയോര്‍മ്മ...

ഓര്‍മ്മ തന്‍ തൂവലാല്‍ എന്നെത്തലോടുന്നു
ഈ ചെറുകൂട്ടത്തിന്‍ താളഗതി
ഗദ്ഗദം തിങ്ങുന്ന ഗൃഹാതുരത്വമെന്‍
‍മനതാരില്‍ തിങ്ങി നിറഞ്ഞീടുന്നു

പൊട്ടിച്ചിരിക്കുന്ന മാനവും പൂക്കളും
പുല്‍ക്കൊടിത്തുമ്പിലെ നിര്‍മ്മല നീര്‍മുത്തും
ഓണത്തലേയാഴ്ച അച്ഛനാ പ്ലാവിന്റെ ചില്ലയില്‍
മുറുക്കിയ ഊഞ്ഞാലിന്‍ ആയവും

ഇക്കിളി പൂണ്ടു ചിരിക്കും അരുവി തന്‍
‍നെഞ്ചില്‍ ഞാന്‍ ഓമനപ്പൂവായതും
അണ്ണാറക്കണ്ണനോടൊത്തുചേര്‍ന്നന്നു ഞാന്‍
‍മധുരം കഴിച്ചതും ഓമ്മയായി...

ഞാന്‍ തന്ന തേന്‍കണം

നെഞ്ചില്‍ ചുരന്നതാം സ്നേഹത്തിന്‍ തേന്‍കണം
പുഞ്ചിരിത്തുണ്ടായെന്‍ ചുണ്ടിലൂറി
ആളിപ്പടര്‍ന്നൊരു കാട്ടുതീ പോലവെ
നീ ഏറ്റുവാങ്ങി, എന്‍ ഹാസ ബിന്ദുവെ

പോകും വഴിവക്കിലെല്ലാം വിതറി നീ
കണ്ടും കാണാതെയും സന്തോഷ വിത്തുകള്‍
‍എല്ലാം മുളപൊട്ടി, തളിരിട്ടു, പൂവിട്ടു
പരക്കെപ്പടര്‍ന്നു നിന്‍ സൗരഭ്യ മുത്തുകള്‍

കുളിര്‍ മന്ദമാരുതന്‍, കലപില കൂട്ടുന്ന
കരിയിലത്തുണ്ടുകളോടു ചൊന്നീടുന്നു
"നിര്‍ത്തുക, ശ്രദ്ധിക്ക, ഹൃദയം തുറക്കുന്ന
ദിവ്യ സംഗീതത്തെ, സുന്ദര ഗീതത്തെ"

ഇത്ര മധുരമോ ഈ ചെറുവാഴയില്
‍തല താഴ്തി നില്‍ക്കുന്ന കൂമ്പിന്റെ ഉള്ളിലും
പ്രിയതേ, പ്രണയിനീ, നിന്‍ മന്ദഹാസത്തെ
എതിരേല്‍ക്കാന്‍ വൈകിയോ, മൂഢമീ പാഴ്മനം


(to my beloved wife as always)

Monday, August 07, 2006

അയ്യോ പോകല്ലേ, പോകല്ലേ, പോയില്ലേ ദേവീ

മാളോരേ,
അങ്ങനെ ഭഗീരഥ പ്രയത്നത്തിനു ശേഷം അടിയനും ഒരു മലയാളം "ബ്ലോഗന്‍" ആയി. എന്തരിനാന്നറിയ്യോ? ബ്ലോഗി ബ്ലോഗി ഞാന്‍ ലോകത്തെ മൊത്തത്തില്‍ വൈജ്ഞാനീകരിക്കാന്‍ പോവാ! അതേന്നെ, സത്യം! വിശ്വസിക്കപ്പീ...അപ്പൊ തുടങ്ങുകയല്ലേ... ശുഭസ്യ ശീഘ്രം...
ഹരീ ശ്രീ ഗണപതയേ നമ:, ദൈവം തന്നെ തുണ! അയ്യൊ! ദോ പോകുന്നു! "അയ്യോ പോകല്ലേ, പോകല്ലേ, പോകല്ലേ ദേവീ!" ആരു കേള്‍ക്കാന്‍, ദേവി പോയി... ഓ, അത്ര ഗമയാണേലങ്ങു പോ! കണ്ടില്ലെ ദേവി പോയ പോക്ക്‌... അപ്പിയെന്ത്വാ ചിരിക്യാ? പോയതേ വാഗ്ദേവതയാ! അപ്പൊ എഴുത്ത്‌ സ്വാഹ!!!
കണ്ടില്ലേ, മല മറിച്ചു കളയാം എന്നു കരുതി, ഈ ഭ്രാന്തന്‍ പകല്‍ മുഴുവന്‍ കല്ലുരുട്ടി കയറ്റി... കല്ലു മുകളിലെത്തിയപ്പോള്‍, കിതപ്പു മാത്രം ബാക്കി!? ഭാഗ്യം, കൈത്തിരി കെട്ടില്ല! വിടമാട്ടേന്‍, അങ്ങനെ വിടമാട്ടേന്‍! വല്ല കുന്തോം മനസ്സിലായൊ? ഇല്ലേ? സ്ന്തോഷം, അടിയന്‍ ധന്യനായി... ആതേയ്‌, തലക്കുള്ളില്‍ ഇത്തിരി നിലാവെളിച്ചമെങ്കിലും വേണ്ടെ?
അപ്പൊ, ചെറു കൈത്തിരീ, വെല്‍ക്കം റ്റു ബ്ലോഗ്‌ അപ്പീ! നൈസ്‌ റ്റു മീറ്റ്‌ യു!

Cheers... Biju