Wednesday, September 06, 2006

ഗുണമോ മെച്ചം, ഫീസോ തുച്ഛം...

വര്‍ഷങ്ങള്‍ക്കു മുന്‍പ്, മര്യേജ് ബ്യൂറോകളും, ശാദി ഡോട്ട് കോമും ചിന്തകളില്‍ പോലും ഇല്ലാതിരുന്ന സമയം. സ്ഥലത്തെ പ്രധാന വിവാഹ ദല്ലാളായിരുന്നു കറുത്ത കുട്ടി. ഒരുമാതിരി വിവാഹപ്രായം ആയെന്നു തനിക്കു തോന്നുന്ന എല്ലാ ജീവ ജാലങ്ങളുടെയും ഭവനങ്ങള്‍ ഇടതടവില്ലാതെ സന്ദര്‍ശിക്കുകയും, അവരുടെ മാതാപിതാക്കളെ തങ്ങളുടെ കര്‍ത്തവ്യത്തെപ്പറ്റി ഓര്‍മ്മിപ്പിക്കയും ചെയ്യുക ജീവിത വ്രതമായ്‌ സ്വീകരിച്ച കുടുംബ സ്നേഹി... സ്ത്രീധനം പരസ്യമായുള്ള കാലത്തും, പരസ്യമായ രഹസ്യമായതിനു ശേഷവും, തന്റെ ഫീസ്‌ ആ തുകയുടെ വലിപ്പ ചെറുപ്പത്തിന്‌ ആനുപാതികമായ്‌ വ്യത്യാസം വരുത്താനറിയാത്ത പാവം. ഗുണമോ മെച്ചം, ഫീസോ തുച്ഛം !!!

അങ്ങനിരിക്കെയാണ്‌ സ്ഥലത്തെ പ്രധാന ദിവ്യന്മാരില്‍ ഒരാളുടെ ഏകമകള്‍ക്ക്‌ ഒരു നല്ല ബന്ധം കുട്ടി കണ്ടെത്തുന്നത്‌. വിവാഹം പൊടിപൊടിച്ചു... വിരുന്നുകാരെല്ലാം അത്തരം ഒരു ബന്ധം ലഭിച്ചതില്‍ വധുവിന്റെ പിതാവിനെ അഭിനന്ദിച്ചു. മനസ്സുനിറഞ്ഞ അദ്ദേഹം കറുത്തകുട്ടിക്ക്‌ കൃതഞ്ജതയില്‍ പൊതിഞ്ഞ ഒരു നോട്ടം സമ്മാനിച്ചു. "ഹേയ്‌, നോ മെന്‍ഷന്‍ പ്ലീസ്‌..." എന്ന നോട്ടം കുട്ടി തിരികെ നല്‍കി...

അന്ന് വൈകുന്നേരം ഇത്തിരി സേവിച്ച്‌, ഒരു ചെറിയ മൂളിപ്പാട്ടോടെ കുട്ടി വീടണഞ്ഞു. മകന്‍ അടുത്തുവന്നു ചോദിച്ചു "എന്താപ്പാ നല്ല കോളൊത്തൂന്നു തോന്നുന്നല്ലോ.. അമറന്‍ കല്ല്യാണമായിരുന്നൂന്ന് കേട്ടല്ലോ"

"ഈ കുട്ടിയാരാന്നാ നീ വിചാരിച്ചേ"

മകന്‍ "അല്ല, എത്ര കിട്ടിയപ്പാ?"

കുട്ടി "അല്ലെടാ, എവന്മാരൊക്കെ നമ്മളെപ്പറ്റി എന്താ കരുതിയിരുക്കുന്നേ, കാശുണ്ടായിട്ടു കാര്യമില്ല, മനസ്സു നന്നാവണം"

"എന്താപ്പാ? കാശു കിട്ടിയില്ലേ?"

"ഓ പിന്നേ, കല്ല്യാണം നടത്തിയത്‌ കുട്ടിയാണേല്‍, കാശുവാങ്ങാനും കുട്ടിക്കറിയാം..."

"പിന്നെന്താ എന്റപ്പാ പ്രശ്നം?"

"പറ്റിക്കാന്‍ നോക്കീഡാ... കല്ല്യാണം കഴിഞ്ഞപ്പൊ ഒരു വെളുത്ത ചിരീമായിട്ട്‌ അയാളൊരായിരം രൂപാ എന്നെ പിടിപ്പിക്കാന്‍ നോക്കി"

"എന്നിട്ടപ്പന്‍ വാങ്ങിയില്ലേ"

"എന്റെ പട്ടി വാങ്ങും, എനിക്കെന്റെ ഫീസ്‌ തെകച്ച്‌ വേണമെന്നു ഞാന്‍ തീര്‍ത്തു പറഞ്ഞു"

"അതിനപ്പന്റെ സ്ഥിരം ഫീസില്‍ കൂടുതലയാള്‍ തന്നില്ലേ, പിന്നെന്താപ്പാ"

"ഡാ, പള്ളുക്കൂടത്തി വിട്ടാ പടിക്കണം, ചുമ്മാ അപ്പനെ പടിപ്പിക്കാന്‍ വരല്ല്"

"അപ്പനെന്തപ്പനാപ്പാ ഈ പറേന്നേ ഞാനെന്തു പഠിപ്പിച്ചെന്നാ?”

“ഇല്ല എവന്‍ മേടിക്കും, ഡാ, എന്റെ ഫീസെത്രാ?"

"തൊള്ളായിരം രൂപ"

"ങാ, അതയാള്‍ക്കുമറിയാം, എന്നിട്ടാ പറ്റിക്കാന്‍ നോക്കുന്നെ, 'കുട്ടീ, ആയിരമാ തൊള്ളായിരത്തെക്കാള്‍ കൂടുതല്‍' എന്നൊക്കെ അയാള്‍ എത്ര നേരം പറഞ്ഞെന്നറിയാമോ? എനിക്കു വിദ്യാഫ്യാസമില്ലാത്തോണ്ട്‌ ഓസില്‍ കാര്യം നടത്താമെന്ന് കരുതിക്കാണും... ഞാനാരാ മോന്‍, തോള്ളായിരത്തില്‍ അഞ്ചു പൈസ കൊറഞ്ഞാല്‍ വെവരം അറീമെന്ന് ഞാന്‍ തീര്‍ത്തുപറഞ്ഞു."

"എന്നിട്ട്‌?"

"എന്നിട്ടെന്നാ തൊള്ളായിരം രൂപേം അയ്യാള്‍ തുള്ളിക്കോണ്ടുതന്നു, ങ്‌ഹും... ഒടിയന്റടുത്താ മായം കാണിക്കുന്നേ..."

നെറ്റിയില്‍ കയ്യും വച്ച്‌ നിലത്തിരുന്നുപോയ മകന്‍ പിറുപിറുത്തു "ഇയ്യാളേതു കോത്താഴത്തെ അപ്പാനാഡോ..."

അതു കേള്‍ക്കാതെ കുട്ടി തന്റെ ഡയറി നിവര്‍ത്തി, അടുത്ത തൊള്ളായിരത്തിലേക്കുള്ള വഴിയും തേടി...

10 Comments:

Blogger കൈത്തിരി said...

കുട്ടീ ചരിതം... വായിക്കൂ‍... അനുഭവിക്കൂ‍...

September 06, 2006 12:17 PM  
Blogger താര said...

ഹഹഹ..കൈത്തിരീ, ഇത് കൊള്ളാല്ലോ..:)കുട്ടിച്ചേട്ടനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. തൊള്ളായിരത്തിന്റെ ഗെറ്റപ്പൊന്നും ആയിരത്തിനില്ല.
അല്ലെങ്കിലും ഈ 9 നെ മലയാളത്തിലാക്കിയപ്പൊ മൊത്തം പുലിവാലാ. 9ന് ഒന്‍പ് എന്നും 90ന് ഒന്‍പതെന്നും 900ന് തൊണ്ണൂറെന്നും പറഞ്ഞാല്‍പ്പോരായിരുന്നോ.[8ന് എട്ട് എന്നും 80ന് എണ്‍പതെന്നും 800ന് എണ്ണൂറെന്നും പറയുന്ന പോലെ!]ഇതിപ്പൊ മൊത്തം കണ്‍ഫ്യൂഷന്‍.:D

September 06, 2006 12:20 PM  
Blogger kusruthikkutukka said...

This comment has been removed by a blog administrator.

September 06, 2006 12:22 PM  
Blogger kusruthikkutukka said...

പത്തല്ല , നൂറല്ല, ആയിരമല്ല, പതിനായിരമല്ല........ തൊള്ളാആആആഅയിരം
ചെറുപ്പതില്‍ ബെറ്റ് വെച്ചു കളിക്കുമ്പൊള്‍ പരയുന്നതു ഓര്‍മ വന്നു ,

ഈ കറുത്തകുട്ടിയുടെ അഡ്രസ്സ് തരുമൊ? ജീവിതത്തില്‍ ഒരു വെളുത്ത കുട്ടി കൂടെ വേണം എന്നു തോന്നുമ്പോള്‍ ആവിശ്യം വന്നാലോ :)

September 06, 2006 12:24 PM  
Blogger തറവാടി said...

പാവം കുട്ടി.നല്ല കഥ ഞങ്ങളുടെ നാട്ടിലെ തൊണ്ണൂറ്റിപ്പത്തിന്റെ കഥ ഇവിടെ http://tharavadi.blogspot.com/2006/08/blog-post_16.html

September 06, 2006 12:24 PM  
Blogger കുട്ടന്മേനൊന്‍::KM said...

കൈത്തിരി., അടിപൊളി..ഈ തൊള്ളായിരത്തിന്റെ കണക്ക് പലര്‍ക്കും തെറ്റാറുണ്ട്. ആരാ 900 ന് തൊള്ളായിരമെന്ന് പറഞ്ഞു തുടങ്ങിയത് ? അത് ഒണ്ണൂറല്ലേ ..ഹി .. ഹി..

September 06, 2006 12:25 PM  
Blogger ഇത്തിരിവെട്ടം|Ithiri said...

This comment has been removed by a blog administrator.

September 06, 2006 1:09 PM  
Blogger ഇത്തിരിവെട്ടം|Ithiri said...

കൈത്തിരി അസ്സലായി...

പിന്നെ മ്മക്കുണ്ടൊരു സംശയം... കാക്കതൊള്ളായിരമാണോ.. ആയിരമാണോ വലുത്.

September 06, 2006 1:12 PM  
Anonymous nadeemu said...

ഞങ്ങളുടെ(കാസര്‍കോട്)ഭാഗത്ത് തൊള്ളയിരത്തിനെപറയുന്നത് ഒന്‍പ്ത് നൂറ് എന്നണ്.

September 06, 2006 10:37 PM  
Blogger ദിവ (diva) said...

കാര്യം, ഈ ജോക്ക് നേരത്തേ കേട്ടിട്ടുള്ളതാണെങ്കിലും, കൈത്തിരിഭായി അത് പുതുമയോടെ അവതരിപ്പിച്ചിട്ടുണ്ട്, നന്നായിട്ടുമുണ്ട് :)

September 07, 2006 5:35 AM  

Post a Comment

Links to this post:

Create a Link

<< Home