Sunday, September 03, 2006

നീ എന്ന നീ, ഞാനെന്ന ഞാന്‍

ആള്‍ക്കൂട്ടത്തില്‍ അന്നാദ്യമായ്‌ നിന്നെ കാണുമ്പോള്‍ നിന്റെ മിഴികളില്‍ നിറഞ്ഞിരുന്നത്‌ എന്തായിരുന്നു? ശ്രദ്ധിക്കാനായില്ല... പിന്നെ ആരവങ്ങള്‍ അടങ്ങി ഞാന്‍ യാത്രയാകുമ്പോള്‍, വീണ്ടും ഒരു നോക്കു കണ്ടു... നിന്റെ ചുണ്ടില്‍ ഒരുതരി മന്ദഹാസപ്പൂക്കള്‍ വിരിഞ്ഞിരുന്നോ...

തീവണ്ടിയുടെ ദ്രുത താളം എന്നും ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു. പിന്നെ നാം കാണുമ്പോള്‍, ആ താളഗതിയില്‍ നീ പുറത്തേക്കു മിഴികള്‍ നട്ട്‌ ഇരിക്കയായിരുന്നു... എനിക്കൊരു പുഞ്ചിരി നീ സമ്മാനിച്ചു. നെഞ്ചു പൊള്ളിയത്‌ ഞാനറിഞ്ഞു, അരുതാത്ത നൊമ്പരം! പിന്നില്‍ എന്നെ ഉപേക്ഷിച്ച്‌ തീവണ്ടിയകന്നുപൊകുമ്പോള്‍, ഞാന്‍ പോലുമറിയാതെ ഒരു സുഖമുള്ള നൊമ്പരമായ്‌ നീ അന്നേ എന്നിലാവേശിച്ചിരിക്കാം! അന്നു നാം വഴി പിരിഞ്ഞു, പിന്നീടൊരിക്കലും നമ്മുടെ മിഴികള്‍ ഇടഞ്ഞിട്ടില്ല...

ജീവിതം ഗതിമാറി ഒഴുകുമ്പോള്‍, നീയായിരുന്നു ദിന രാത്രങ്ങളെ നിറച്ചത്‌! ചിലപ്പോഴെങ്കിലും നിന്റെ അദൃശ്യ സാമീപ്യം എന്നെ അലോസരപ്പെടുത്തിയിരുന്നു. പക്ഷേ, മെല്ലെ നീ ജീവിതത്തിന്റെ ഭാഗമായി എന്നത്‌ സമ്മതിക്കാതെ വയ്യ!പിന്നെ എന്നാണു നാം നമ്മെ അറിഞ്ഞത്‌? കാണാതെ, മിണ്ടാതെ... ആ കടല്‍ തീരത്തെ കാറ്റിന്റെ കുളിര്‍മയായിരുന്നില്ലേ ചാലകം? നീ കുറിച്ച ആദ്യക്ഷരങ്ങള്‍ ഇന്നുമെന്നെ പൊള്ളിക്കുന്നു... ചിന്തകള്‍, ആശയങ്ങള്‍, കവിതകള്‍, ചൂടേറിയ സംവാദങ്ങള്‍, രസങ്ങള്‍... രാഗ സാന്ദ്രമായ, കവിതാമയമായ ഒരു രാവിന്റെ ഓര്‍മ്മ എന്നും സുഖദമായുള്ളില്‍ വിരിഞ്ഞു നില്‍കുന്നു; എത്രയോ കാതങ്ങള്‍ ദൂരെയായിരുന്നന്നു നീ, എങ്കിലും നെഞ്ചിന്നരികിലായിരുന്നു അന്നു നീ! പിന്നെ നീ എന്ന നീ, ഞാനെന്ന ഞാന്‍! നാമെന്ന നാം.... നാം, ഒരേയൊരു വാക്ക്‌, ഹ്രസ്വം, സുന്ദരം, മനോജ്ഞം, മധുരതരം...

ബാലികേറാമല കയറാന്‍ ശ്രമിച്ചു നീ തളരുമ്പോള്‍, നിന്റെ കുരല്‍ വരളുമ്പോള്‍, വഴി വക്കിലെ ഇത്തിരി തെളിനീരാവാന്‍ എത്ര ശ്രമിച്ചു ഞാന്‍... ദുര്‍ഘടമായിരുന്നു കയറ്റം! ഒരിക്കല്‍ കാല്‍ വഴുതി നീ വീഴാന്‍ ഭാവിക്കുമ്പോള്‍, ദുര്‍ബ്ബലമെങ്കിലും എന്റെ കരം നീട്ടിയതോര്‍ക്കുന്നു. നീ എഴുന്നേറ്റത്‌ എന്റെ കരം പിടിച്ചായിരുന്നൊ എന്നറിയില്ല... അതായിരുന്നില്ല, നിന്റെ വിജയമായിരുന്നു പ്രധാനം. മെല്ലെ നീ കയറിപ്പോകുമ്പോള്‍, നിന്റെ പാദങ്ങള്‍ക്കു ദൃഢത ലഭിക്കാന്‍, പ്രാര്‍ത്ഥനയോടെ ആ മലയുടെ നെറുകയില്‍ നീയെന്ന ദീപം തെളിയുന്നതും കാത്ത്‌, താഴെ ഞാനുണ്ടായിരുന്നു... അത്‌ ഒരു സുഖമായിരുന്നു... ഒടുവിലാ ദീപം തെളിഞ്ഞത്‌ ഹര്‍ഷോന്മാദത്തോടെ ഞാന്‍ നോക്കി നിന്നു... പിന്നെ നീ പൊട്ടിയടര്‍ന്നു, പറന്നു, ആകാശം മാത്രമായി നിന്റെ അതിരുകള്‍. മെല്ലെ, മെല്ലെ... നാമില്ലാതെയായി, ഞാന്‍ ഞാനും, നീ നീയുമായി....

പ്രകാശം പരത്തുന്നവരാണു നക്ഷത്രങ്ങള്‍. അവ ആകാശത്തിനു സ്വന്തം, അവയ്ക്കു കളിക്കൂട്ടുകാരായി അനേകം നക്ഷത്രങ്ങള്‍; എങ്കിലും അവിടെ, കൈയ്യെത്താദൂരത്ത്‌ നോട്ടം എത്താതിതിരിക്കുന്നില്ല! തെളിഞ്ഞു മിന്നുന്ന നക്ഷത്രങ്ങള്‍ നയനാനന്ദകരമായ്‌ വിളങ്ങുമ്പോള്‍, കാര്‍മേഘങ്ങളേ ഈ കാഴ്ചയെങ്കിലും നിഷേധിക്കാതിരിക്കുക... അവ തിളങ്ങട്ടെ, ലോകം സന്തോഷിക്കട്ടെ... അല്‍പ നേരത്തേക്കു പൊലും ഈ താരത്തിനു പ്രകാശം നഷ്ടമാകുന്നോ എന്ന ഭീതി എന്റെ മിഴികള്‍ ഈറനാക്കാതിരിക്കട്ടെ....

8 Comments:

Blogger ഇത്തിരിവെട്ടം|Ithiri said...

പ്രണയത്തിന്റെ സൌന്ദര്യം വിരഹമാണ്. വിരഹം തീക്ഷണമാണ്. എങ്കിലും അത് മധുരമുള്ള ഒരു നൊമ്പരം...

താങ്കളുടെ വരികള്‍ വായിച്ചപ്പോള്‍ ഖൈസിനെ ഓര്‍ത്തു. കാലങ്ങളൊളം ലൈലയെ തേടിയലഞ്ഞ ഖൈസിനെ. പേര്‍ഷ്യന്‍ പ്രണയകവ്യം ലൈലാ മജ്നുവിലെ വിരഹത്തിന്റെ പര്യായമായ ഖൈസിനെ... അവസാനം ലൈലെയെ കാണാന്‍ കിട്ടുന്ന അവസരം വിരഹത്തിന്റെ നൊമ്പരത്തിനായി വേണ്ടന്നുവെക്കുന്ന ഖൈസിനെ...

കൈത്തിരി നല്ലവരികള്‍, നല്ല ആശയം.

September 03, 2006 1:00 PM  
Blogger അഗ്രജന്‍ said...

വളരെ നന്നായിരിക്കുന്നു കൈത്തിരി...
മനോഹരമായ ഭാഷ...
പ്രണയം തൂവുന്ന വരികള്‍...

September 03, 2006 1:08 PM  
Blogger വല്യമ്മായി said...

നാമില്ലാതെയായി, ഞാന്‍ ഞാനും, നീ നീയുമായി

ആ ദിവസത്തിലേക്കല്ലേ നാം നടന്നടുക്കുന്നതെന്നോര്‍ക്കുമ്പോള്‍ പേടിയുണ്ട് ശരിക്കും

വളരെ നന്നായിരിക്കുന്നു

September 03, 2006 1:24 PM  
Blogger റീനി said...

കൈത്തിരി, ഞാന്‍ ഞാനും നീ നീയുമാണ്‌. അതെന്നും നിലനില്‍ക്കുന്ന സത്യവുമാണ്‌.
പോരട്ടേ പുതിയ പോസ്റ്റുകള്‍!

September 03, 2006 4:38 PM  
Blogger ദില്‍ബാസുരന്‍ said...

ജീവിതം ഗതിമാറി ഒഴുകുമ്പോള്‍, നീയായിരുന്നു ദിന രാത്രങ്ങളെ നിറച്ചത്‌! ചിലപ്പോഴെങ്കിലും നിന്റെ അദൃശ്യ സാമീപ്യം എന്നെ അലോസരപ്പെടുത്തിയിരുന്നു. പക്ഷേ, മെല്ലെ നീ ജീവിതത്തിന്റെ ഭാഗമായി എന്നത്‌ സമ്മതിക്കാതെ വയ്യ!

കൈത്തിരീ...പൊള്ളി.ശരിക്കും പൊള്ളി. പ്രണയം തുളുമ്പുന്ന വരികള്‍.എനിക്ക് ഇഷ്ടമായി.

September 03, 2006 4:52 PM  
Blogger അനംഗാരി said...

എന്റെ പ്രിയപ്പെട്ടവളെ, നിന്റെ ഓര്‍മ്മകളിലാണു ഞാനിന്നും. നിന്റെ വിയര്‍പ്പ് മണക്കുന്ന തൂവാല ഞാനിപ്പോഴും സൂക്ഷിക്കുന്നു ഒരു പ്രണയത്തിന്റെ സ്മാരകം പോലെ.....

September 04, 2006 2:41 AM  
Blogger കൈത്തിരി said...

പ്രിയരേ ഈ കൈത്തിരി വെട്ടത്തിലേക്കു വന്നതിനു നന്ദി...

പ്രണയം സിരകളില്‍ നിറയുന്നത് നാം അറിയുന്നത് പലപ്പോഴും വളരെ വൈകിയാണ്. അറിയാതെ കടന്നുവരുന്ന അനുരാഗം, അനുഭൂതികള്‍ക്കൊപ്പം നൊമ്പരവും സമ്മാനിക്കുന്നു, പക്ഷേ ഇത്തിരിവെട്ടം പറഞ്ഞതു പോലെ ഇത് മധുരമുള്ള ഒരു നൊമ്പരം...

ഉള്ളില്‍ പ്രണയത്തിരി കെടാതെ കാക്കുന്നവരേ, നന്ദി... വീണ്ടും വരിക....

September 04, 2006 9:47 AM  
Blogger Peelikkutty!!!!! said...

നന്നായി.പ്രണയത്തിന്റെ മധുര
നൊമ്പരങ്ങളെക്കുറിച്ച് ഇനിയും എഴുതൂ!

September 05, 2006 6:48 AM  

Post a Comment

Links to this post:

Create a Link

<< Home