Thursday, August 31, 2006

ഈശ്വരാ, കണ്ട്രോള്‍ തരൂ...

ഇവന്‍ മുന്ന - ഞങ്ങളുടെ മൂന്നു വയസ്സുകാരന്‍, എല്ലാം കാണുന്നവന്‍, കാണുന്നതെല്ലാം ഉമ്മ തന്നും, സെന്റിയടിച്ചും, ഏറ്റില്ലെങ്കില്‍ കരഞ്ഞും വാങ്ങിപ്പിക്കുന്നവന്‍! വാങ്ങുമ്പോള്‍ ഉള്ളതില്‍ മുന്തിയത് തന്നെ വാങ്ങിപ്പിക്കുന്നതില്‍ അവന്റമ്മേക്കാള്‍ പ്രാവീണ്യം ഉള്ളവന്‍! വാങ്ങുന്നതെല്ലാം ഒരു രാത്രി മുഴുമിക്കാന്‍ ഇടവരുത്താതെ എങ്ങനെ പീസുകളാക്കാം എന്ന വിഷയത്തില്‍ അവന്റപ്പനേക്കാള്‍ അവഗാഹമുള്ളവന്‍!! എന്നാല്‍ ഉള്ളതു പറയണമല്ലോ, അവനതിന്റെ യാതൊരു അഹങ്കാരവുമില്ല!! ഇവന്‍ മുന്ന!

ഷോപ്പിങ്ങിനു പോകും മുന്‍പ് ഞാന്‍ മുട്ടിന്മേല്‍ നിന്നു പ്രാര്‍ത്ഥിക്കും, നേര്‍ച്ചകള്‍ നേരും "തമ്പുരാനേ പോകുന്നിടത്തെ ടോയ്സ് ഒന്നും എവന്‍ കാണല്ലേ.. അഥവാ കണ്ടാലും ഇത്തിരി മയമുള്ളതേ കാണാവേ..." എന്തു നേര്‍ച്ച നേര്‍ന്നാലും അതു ഫലിച്ചാല്‍ ലാഭം തന്നെ! പക്ഷെ ഊപ്പര്‍വാല എപ്പൊഴും അവന്റൊപ്പമേ നിക്കൂ...

ഇന്നലെ വൈകുന്നേരം ഒരു റിമോട്ട് കണ്ട്രോള്‍ഡ് കാറിലാണ്‌ മൂപ്പരുടെ കണ്ണു പതിഞ്ഞത്‌! "തള്ളേ, പെട്ടല്ലോ" എന്ന അത്മഗതത്തോടെ അതിന്റെ വില ഞാന്‍ പാളി നോക്കി... ഇല്ല അവനീത്തവണയും തെറ്റീട്ടില്ല! അതിന്റെ വിലയെ തോല്പ്പിക്കാന്‍ ശ്രീമതിയുടെ മണിക്കൂറുകള്‍ നീണ്ട ഷോപ്പിങ്ങ് ലിസ്റ്റിനും കഴിയില്ല!!

കാര്‍ കണ്ടയുടനെ നമ്മുടെ സാര്‍ ഒന്നാം ഖണ്ഡികയില്‍ വിവരിച്ച ഓര്‍ഡറില്‍ തന്റെ പ്രവര്‍ത്തനം ആരംഭിച്ചു. സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും കഴുത്തിനു പിടിച്ചു വെളിയില്‍ തള്ളും എന്ന നിലയെത്തിയപ്പൊള്‍, ടോയ്സിനു വിലയിടുന്നവനെ ശപിച്ചു ഭസ്മമാക്കി, അതു വാങ്ങിക്കൊടുത്തു... വിജയസ്മിതത്തോടെ അവനത് ഏറ്റുവാങ്ങുമ്പോള്‍ "നിന്റെ സന്തോഷത്തേക്കാള്‍ വലുതായ് എനിക്കു ലോകത്തൊന്നുമില്ല കുഞ്ഞേ" എന്ന ആശ്വാസത്തോടെ ഞാന്‍ ഉപദേശിച്ചു: "കുട്ടാ ഇതു പൊട്ടിക്കല്ലേ, ഒത്തിരി വിലയുള്ളതാ..."

അതുപിന്നെനിക്കറിയില്ലേ എന്ന ഭാവത്തില്‍ അവന്‍ പറഞു "ഇല്ലപ്പാ മുന്ന സൂഷിക്കാം കേട്ടോ". “ആഹാ കേള്‍ക്കാനെന്താ ഒരു സുഖം" എന്നു വിചാരിച്ചു മുഴുമിച്ചില്ല, കാറതാ എസ്കലേറ്ററിന്റെ പടികളില്‍ തലതല്ലി, താഴത്തെ നിലയില്‍ കിടക്കുന്നു ആയിരത്തൊന്നു പീസുകളായയ്യയ്യൊ ശിവ ശിവ #%$*&^?!ട്%^ !!!

കരയണോ, ഇറങ്ങി ഓടണോ എന്നറിയാതെ പകച്ചു നില്ക്കുന്ന എന്നെ അവന്‍ തോണ്ടി വിളിക്കുമ്പോള്‍ "സോറി" പറയാനാവും എന്നു കരുതി "പോട്ടു കുട്ടാ സാരമില്ല" എന്നാശ്വസിപ്പിക്കാം എന്നു കരുതുമ്പോള്‍ ആവന്റെ അടുത്ത "ചോദ്യം "അപ്പാ ഇനി എന്നാ നമ്മള്‍ ഇവിടെ വരുന്നേ"...

ഈശ്വരാ എനിക്കു കണ്ട്രോള്‍ തരൂ...

11 Comments:

Blogger വക്കാരിമഷ്‌ടാ said...

ഹ...ഹ...ഹ...അതിഷ്ടപ്പെട്ടു.

ഉമേഷ്‌ജി ഇവിടെ പറഞ്ഞിട്ടുണ്ട് :)

August 31, 2006 5:09 PM  
Blogger ദില്‍ബാസുരന്‍ said...

രസിച്ചു. പയ്യന്‍ ആള് കൊള്ളാമല്ലോ. ദൈവം താങ്കള്‍ക്ക് കണ്ട്രോള്‍ തരട്ടെ. :-)

August 31, 2006 5:46 PM  
Blogger ബിന്ദു said...

ഈശ്വരനു പണി ആവും. എത്ര പേര്‍ക്കാ ദിവസവും കണ്ട്രോള്‍ കൊടുക്കുന്നത്. ഇതിനൊക്കെ ഇപ്പോള്‍ എന്താ ഒരു വില. :) കൊള്ളാം.

September 01, 2006 6:42 AM  
Blogger സൂര്യോദയം said...

ശരിക്കും ചിരിച്ചു പോയി.. :-)
അനുഭവിച്ചിട്ടുള്ളവര്‍ക്കല്ലെ ഇത്ര പെട്ടെന്ന് മനസ്സിലാവൂ... ഒന്നര വയസ്സുള്ള എന്റെ പെണ്‍കിടാവിനെ കൊണ്ട്‌ (ഇവള്‍ 'മിന്നു') ഷോപ്പിങ്ങിന്‌ പോയാല്‍..? :)പറയാനറിയില്ലെങ്കിലും വാങ്ങിപ്പിക്കാനറിയാം.. പിന്നെന്താ... എന്റെ കണ്ട്രോള്‍ സിസ്റ്റം സ്വിച്ച്‌ ഓഫ്‌ ചെയ്തിട്ടെ ഞാന്‍ ഷോപ്പില്‍ കയറൂ..

September 01, 2006 7:08 AM  
Blogger റീനി said...

എനിക്ക്‌ വളരെ ഇഷ്ട്ടപ്പെട്ടു കൈത്തിരി. ലളിതവും സുന്ദരവുമായ നര്‍മ്മം. ഹൃസ്വം.

ഈശ്വരാ, control തരൂ!

September 01, 2006 7:49 AM  
Blogger ഇത്തിരിവെട്ടം|Ithiri said...

കഥയായാലും അനുഭവമായാലും നന്നായി.കാരണം ഞാന്‍ മറ്റൊരു അനുഭവസ്ഥന്‍.

September 01, 2006 8:02 AM  
Blogger sreeja said...

എന്നിട്ട്‌?കണ്‍ട്രോള്‍ കിട്ടിയോ?

September 01, 2006 8:14 AM  
Blogger Adithyan said...

ഹഹഹ...

ബ്യൂട്ടിഫുള്‍!! :))

മുന്നക്കുട്ടിക്കൊരു ഉമ്മ.

September 01, 2006 8:19 AM  
Blogger പാര്‍വതി said...

ഭാഗ്യം ചെയ്ത മുന്ന..

ദൈവം അവനെ എന്നും അനുഗ്രഹിക്കട്ടെ..

മുന്നയ്ക്ക് ഒന്ന് രണ്ട് പാല്പായസ ഉമ്മകള്‍..ഓണം സ്പെഷ്യല്‍.

:-)

-പാര്‍വതി.

September 01, 2006 2:02 PM  
Blogger അഗ്രജന്‍ said...

മുന്നടപ്പനെ കാത്തോളണേ എന്നും കൂടി ഇനിയെന്‍റെ പ്രര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്താം...

പാച്ചൂന്‍റുപ്പാനെ കാത്തോളണേ എന്നൊരു പ്രാര്‍ത്ഥന താങ്കളും ഉള്‍പ്പെടുത്തണേ..:)

ബാറ്ററി തീര്‍ന്നാലും, ചാവി കൊടുത്തില്ലേലും ടോയ്സൊക്കെ ഇപ്പഴുങ്ങനെ പറന്ന് നടക്കണത് കാണാന്‍ നല്ല രസാ... വീട്ടിലും ഹെല്‍മറ്റ് നിര്‍ബന്ധമാക്കണെമെന്നാ എന്‍റെ അഭിപ്രായം.

September 02, 2006 10:21 AM  
Blogger sreeja said...

ഓണത്തിനു മുന്നയ്ക്കെന്തൊക്കെയാണ് സ്പെഷ്യല്‍?മുന്നയ്ക്കു പ്രത്യേക ഓണാശംസകള്‍ അറിയിച്ചേക്കണേ...

ഈ അവധി കഴിഞ്ഞിട്ടു വേണം എനിക്കെന്റെ സിലബസ് തീര്‍ക്കാന്‍.ഈ ഓണാവധി തീരാതിരുന്നെങ്കില്‍....

September 02, 2006 12:34 PM  

Post a Comment

Links to this post:

Create a Link

<< Home