Tuesday, August 15, 2006

ഉലയാത്ത സമാധാനം...

(കഥാ തന്തു എന്റെതല്ല, മൂലകഥയുടെ അഞ്ജാത രചയിതാവിനോട്‌ കടപ്പാട്‌)

ചിത്ര രചനാ വേദിയാണ്‌ രംഗം. പ്രതിഭാധനരും, പ്രഗത്ഭരുമായ ഒരുകൂട്ടം ചിത്രകാരന്മാരുടെ നടുവിലേക്ക്‌, പുലിമടയിലെത്തിയ മാന്‍പേടയെ പോലെ അവളും വന്നു.

വിഷയം കാലികമായിരുന്നു - “സമാധാനം“. ബു.ജി. താടികളില്‍ വിരലോടിച്ചും, നാറിയ ജൂബ്ബയുടെ കീശയില്‍ കൈകടത്തിയും പലരും ആശയം തേടി. അവള്‍ക്ക്‌ അതു രണ്ടുമില്ലാഞ്ഞതിനാല്‍, അവള്‍ ചായക്കൂട്ടുകളില്‍ അഭയം തേടി...

മത്സര ശേഷം വരക്കപ്പെട്ട സമാധാന പ്രതീകങ്ങളെല്ലാം മത്സര മുറിയുടെ ചുമരുകളെ അലങ്കരിച്ചു. ചിത്ര കലാ വിചക്ഷണരും, പണ്ഡിതവര്യന്മാരും അടങ്ങുന്ന വിധി നിര്‍ണ്ണയ സമിതി അര്‍ഹിക്കുന്ന ഗൗരവത്തൊടെ ഓരോ ചിത്രത്തിന്റെയും തലനാരിഴ കീറി പരിശോധിച്ചു.

ആദ്യ ചിത്രം മനോഹരമായിരുന്നു. ശാന്തമായൊഴുകുന്ന പുഴ, അതിന്റെ വിരിമാറില്‍ നീന്തിത്തിടിക്കുന്ന അഹ്ലാദഭരിതരായ കുട്ടികള്‍, ഇരുകരയും പരവതാനി വിരിച്ചിരിക്കുന്ന വര്‍ണ്ണശബളമായ പുഷ്പങ്ങള്‍ ... ഉദയസൂര്യന്റെ കിരണങ്ങളാല്‍ അലങ്കരിക്കപ്പെട്ടിരുന്നു അടുത്ത ചിത്രം. പച്ച വിരിച്ച പുല്‍മേടുകള്‍ക്ക്‌ തിളക്കം നല്‍കി ഉദിച്ചുയരുന്ന സൂര്യന്‍, തലയാട്ടുന്ന മരങ്ങള്‍, പാടുന്ന കുയില്‍... ഓരോ ചിത്രവും ഒന്നിനൊന്നു മെച്ചമായിരുന്നു... അങ്ങനെ അവളുടെ ഊഴവും എത്തി, പല വിധികര്‍ത്താക്കളുടെയും നെറ്റി ചുളിഞ്ഞു, കണ്ണുകള്‍ ചുരുങ്ങി. പിന്തുടര്‍ന്നുവന്ന പല ചിത്രകാരന്മാരുടെയും ചുണ്ടില്‍ പുച്ഛവും സഹതാപവും കലര്‍ന്ന പുഞ്ചിരി വിരിഞ്ഞു!

വിചിത്രമായിരുന്നു അവളുടെ ചിത്രം. ഉയര്‍ന്ന മലയില്‍ നിന്നും ഇരമ്പിയൊഴുകി, പാറക്കെട്ടുകളില്‍ ആര്‍ത്തല‍ച്ച്‌ അഗാധതയിലേക്ക്‌ ഇരമ്പലായി പ്രവഹിക്കുന്ന ഒരു വെള്ളച്ചാട്ടം, ആഞ്ഞടിക്കുന്ന കാറ്റില്‍ ആടിയുലയുന്ന മരച്ചില്ലകള്‍, ഇരുണ്ട ആകാശം... ഭീകരത നിറഞ്ഞ അന്തരീക്ഷം... ഇതെന്തു സമാധാനമെന്ന് പലരും ഉള്ളില്‍ ചിരിച്ചു.

വിധിനിര്‍ണ്ണയം പൂര്‍ത്തിയാക്കി വിജയിയെ പ്രഖ്യാപിക്കുവാന്‍ കുറെ അധികം സമയം വേണ്ടിവന്നു. ഒന്നാം സമ്മനാര്‍ഹയായ്‌ അവളെ പ്രഖ്യാപിച്ചപ്പോള്‍ ഒരു നിമിഷം ആ മുറിയില്‍ ശ്മശാന മൂകത പരന്നു, പിന്നെ പിറുപിറുപ്പുകളും, പ്രതിഷേധങ്ങളും ആ മുറിയെ ശബ്ദമുഖരിതമാക്കി. മാധ്യമ വീരന്മാര്‍ ചോദ്യ ശരങ്ങളാല്‍ വിധികര്‍ത്താക്കളെ പൊതിഞ്ഞു.

വിധികര്‍ത്താക്കളുടെ തലവനായ വന്ദ്യ വയോധികന്‍ ഒരു മന്ദഹാസത്തോടെ തന്റെ കരങ്ങള്‍ മെല്ലെ ഉയര്‍ത്തി എല്ലാവരും ശാന്തരാവാന്‍ അഭ്യര്‍ത്ഥിച്ചു. അദ്ദേഹം തന്റെ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു തുടങ്ങി "എല്ലാ ചിത്രങ്ങളും മനോഹരങ്ങളായിരുന്നു, എന്നാല്‍ ശാന്തതയെ പ്രതിനിധീകരിക്കുന്ന പല ചിത്രങ്ങളെയും പിന്തള്ളി, ഒറ്റനോട്ടത്തില്‍ വിചിത്രവും, ക്രൗര്യം നിഴലിക്കുന്നതുമായ ഈ ചിത്രത്തെ തിരഞ്ഞെടുത്തത്‌ വളരെനേരത്തെ വിചിന്തനങ്ങള്‍ക്കു ശേഷമാണ്‌.“ ഒന്നു നിര്‍ത്തി അദ്ദേഹം തുടര്‍ന്നു “ആര്‍ത്തലക്കുന്ന വെള്ളച്ചാട്ടത്തിനരികിലെ ആടിയുലയുന്ന വൃക്ഷക്കൊമ്പിലെ ആ ചെറുകിളിക്കൂട്‌ നിങ്ങള്‍ ശ്രദ്ധിച്ചോ? അതില്‍ തന്റെ കുഞ്ഞുങ്ങളെ ഊട്ടുന്ന അമ്മക്കിളിയെ നോക്കൂ, അവളുടെ കണ്ണില്‍ ഭീതിയില്ല, ചുറ്റുപാടുകളുടെ പ്രകമ്പനങ്ങള്‍ക്കുള്ളിലും, അവളുടെ ദിനങ്ങള്‍ സമാധാനപൂരിതമല്ലേ... അവളുടെ ഉള്ളിലല്ലേ സമധാനത്തിന്റെ ഉറവിടം?"

3ഒരു ചെറു പുഞ്ചിരിയോടെ വേദിയിലേക്കു നടക്കുന്ന അവളുടെ ഉള്ളും മന്തിച്ചു: "സമാധാനം എപ്പോഴും നിശബ്ദതയും, സുഗന്ധവും, മന്ദമാരുതനാലും അലങ്കരിച്ചെത്തുന്നതല്ല. കലുഷിതമായ ജീവിത സാഹചര്യങ്ങളിലും ജീവിതം ഉലയാതെ മുന്നോട്ടുനയിക്കുന്ന ഉള്‍ത്തടത്തിലെ പ്രകാശമാവട്ടെ സമാധാനം..."

10 Comments:

Blogger ഹരിശ്രീ said...

സ്വാതന്ത്ര്യ ദിനത്തിലെ സമാധാനചിന്തകള്‍ നന്നായി.

August 16, 2006 9:37 AM  
Blogger വല്യമ്മായി said...

നല്ല സന്ദേശം.

August 16, 2006 10:49 AM  
Blogger അഗ്രജന്‍ said...

നന്നായിരിക്കുന്നു കൈത്തിരി...
സമാധാനമില്ലെന്ന് വിലപിക്കുന്നവര്‍ക്കുള്ള സന്ദേശം.
അഞ്ജാതനായ രചയിതാവിനോടുള്ള കടപ്പാട് - അതും നന്നായി.

August 16, 2006 11:25 AM  
Blogger അനു ചേച്ചി said...

പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങള്‍ക്കും സമാധനവും ആശ്വാസവും നല്‍കുന്നത് അവരുടെ അമ്മയുടെ മടിത്തട്ടാണ്. നാം അത് തിരിച്ചറിയുബോഴേക്കും വളരെ വൈകിരിക്കും.ഈ ഭൂമി എന്ന വലിയ അമ്മകിളിക്കൂട് ഇല്ലാ‍തിരുന്നെങ്കില്‍ നാം എവിടെയണ് മിസയില്‍ ഇട്ടു കളിക്കുക. ഒരു നല്ല ചിത്രം കണ്ടു. നന്ദി.

August 16, 2006 1:04 PM  
Blogger കൈത്തിരി said...

സമാധാനപ്രിയരേ നന്ദി... മറ്റു സമാധാനകാംക്ഷികളേ വരൂ, വായിക്കൂ, വായില്‍ തോന്നിയതെല്ലാം പറയൂ....

August 16, 2006 3:04 PM  
Blogger താര said...

നന്നായിരിക്കുന്നൂ കൈത്തിരീ...അമ്മയുടെ മടിയിലെ സമാധാനം എല്ലായിടത്തും എത്തട്ടെ....

August 16, 2006 3:08 PM  
Blogger ഫാര്‍സി said...

കലുഷിതമായ ജീവിത സാഹചര്യങ്ങളിലും ജീവിതം ഉലയാതെ മുന്നോട്ടുനയിക്കുന്ന ഉള്‍ത്തടത്തിലെ പ്രകാശമാവട്ടെ സമാധാനം-എന്നു ഞാനും പ്രാഥിക്കുന്നു.പക്ഷേ..................

August 16, 2006 4:42 PM  
Blogger Arun Vishnu M V (Kannan) said...

മരണവാര്‍ത്തകള്‍ നമ്മളെ അലട്ടിക്കൊണ്ടിരിക്കും നമ്മുടെ മരണം വരെ.

സമാധാനത്തിനു വേണ്ടി യുദ്ധം ചെയ്യുന്ന ഈ കാ‍ലത്ത്.............
ഒരു സമാധാനകാംക്ഷി

August 16, 2006 5:40 PM  
Anonymous ഫാറൂഖ്‌ ബക്കര്‍ പൊന്നാനി said...

വളരെ കുറച്ച്‌ എന്നാല്‍ ഒത്തിരി നല്ലത്‌ .... എല്ലാം അങ്ങനെയാണല്ലോ .... നല്ലത്‌ കുറച്ച്‌.... വാക്കുകള്‍ക്ക്‌ പിശുക്കാണെങ്കിലും ആശയം ഗംഭീരം തന്നെ.... അഭിനന്ദിക്കാതിരിക്കാന്‍ നിര്‍വ്വാഹമില്ല... ആ കാറ്റത്തെ കിളികൂടിലെന്നപോലെയല്ലേ നമ്മളും ... എവിടെ എപ്പോള്‍ ബോംബ്‌ പൊട്ടും എന്ന് നമ്മുക്കറിയുന്നില്ല എങ്കിലും നമ്മള്‍ സമാധാനത്തോടെ..അങ്ങനെയുള്ള വിശ്വാസത്തോടെ....
നന്ദി
ഫാറൂഖ്‌ ബക്കര്‍ പൊന്നാനി

August 19, 2006 2:58 PM  
Blogger കൈത്തിരി said...

പ്രിയരേ, നന്ദി... ഈ ചെറു കിളിക്കുടിനെ കണ്ടതിനും, കൈക്കൊണ്ടതിനും...

August 19, 2006 4:13 PM  

Post a Comment

Links to this post:

Create a Link

<< Home