Tuesday, September 19, 2006

മൈസൂര്‍ കൊട്ടാരം

ഒരു സുഹൃത്ത്‌ പറഞ്ഞു കേട്ടത്‌:

എന്തോ ഗഹനമായ്‌ ആലോചിച്ചിരിക്കുന്ന തന്റെ സുഹൃത്തിനോട്‌ ഒരുവന്‍ "എന്തരഡേയ്‌ ഇത്ര കാര്യമായി ചിന്തിച്ചു കൂട്ടുന്നത്‌?"

രസച്ചരട്‌ പൊട്ടിച്ചതിലുള്ള ഈര്‍ഷ്യയോടെ ഒന്നാമന്‍ "ഓ, മൈസൂര്‍ കൊട്ടാരം അങ്ങു വാങ്ങിയാലോന്ന് ആലോചിച്ചതാ"

ഒട്ടും ആമന്തിക്കാതെ രണ്ടാമന്‍ "നടക്കുന്ന കാര്യം വല്ലതും ആലോചിക്കു മോനേ, കൊട്ടാരം ഞാന്‍ വില്‍ക്കുന്നില്ലാന്നു വച്ചാലോ???"

Monday, September 18, 2006

മദാ‍മ്മേ, വെരി സിം‌പിള്‍

കവി അയ്യപ്പപണിക്കരെ കുറിച്ച് കലാ കൗമുദി വാരികയില്‍ വന്ന ഓര്‍മ്മക്കുറിപ്പുകളില്‍ രസകരമെന്നു തോന്നിയ ഒരു നുറുങ്ങ്‌, വായിച്ചിട്ടില്ലാത്തവര്‍ക്കായ്‌ സമര്‍പ്പിക്കുന്നു:

കവിയുടെ വിദേശ പര്യടനത്തിനിടയില്‍, തന്റെ ഒരു കവിതയെ വല്ലാതിഷ്ടപ്പെട്ട ഒരു മദാമ്മ, പരിചയപ്പെടാനും, അനുമോദിക്കാനുമായ്‌ അടുത്തുവന്നു. പരിചയപ്പെടലിനു ശേഷം മദാമ്മ പറഞ്ഞു, "കവിതയൊക്കെ കൊള്ളാം, പക്ഷേ, താങ്കളുടെ പേരു മാത്രം നാക്കിനു വഴങ്ങുന്നില്ല!"

കവി പറഞ്ഞു "അതു വളരെ ഈസിയല്ലേ. high എന്നു പറയൂ"
മദാമ്മ "high" എന്നു പറഞ്ഞു...

"up up എന്നു പറയൂ"
മദാമ്മ "up up എന്നു പറഞ്ഞു

"Panic എന്നു പറയൂ"
മദാമ്മ അങ്ങനെ പറഞ്ഞു

"ഇനി Err എന്നുപറയൂ"
മദാമ്മ കൗതുകത്തോടെ അതും പറഞ്ഞു

"ഇനി ഒരുമിച്ച്‌ ചേര്‍ത്ത്‌ പറയൂ"

മദാമ്മ ലോകം കീഴടക്കിയ പോലെ ഉറക്കെ പറഞ്ഞു "high up up panic err"

കവി "അതു തന്നെ, വെരി സിംപിള്‍"

ഭാവനാ സമ്പന്നനായിരുന്ന കവിക്ക് ആദരാഞ്ജലികള്‍...

Wednesday, September 13, 2006

ഗള്‍ഫ്‌ റിട്ടേണ്‍‌ഡ് ക്രൂശാരോഹണം

പള്ളിപ്പെരുന്നളിന്‌ ലോക്കല്‍ കലാകാളകള്‍ അവതരിപ്പിക്കുന്ന ക്രിസ്തുവിന്റെ ക്രൂശാരോഹണ നാടകം... അവസാന രംഗം, ക്രൂശിതനായ ക്രിസ്തുവിനെ അവതരിപ്പിക്കുകയാണ്‌. ഒരു പഴയ ഗള്‍ഫനാണ്‌ നാടകത്തിന്റെ ചിലവും, അതുകൊണ്ടുതന്നെ യേശുവിന്റെ വേഷവും വഹിച്ചിരിക്കുന്നത്‌.

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, കുരിശില്‍ ആണികള്‍ തറക്കപ്പെട്ട്‌, രക്താഭിഷിക്തനായ്‌, തല ചായ്ച്ച്‌ കിടക്കുന്ന രൂപം; ഇടിമുഴക്കത്തിന്റെ ശബ്ദം ഉയര്‍ന്നു കേല്‍ക്കുന്നു അമ്മച്ചിമാരൊക്കെ, "എന്റെ കര്‍ത്താവേ" ന്ന് കണ്ണുനീരോടെ വിലപിക്കുന്നു. അന്തരീക്ഷം ശോകമയം!!

അപ്പൊഴാണ്‌ തോമാച്ചേട്ടന്‍ രണ്ടെണ്ണം വിട്ടിട്ട്‌ ക്രൂശിത രൂപത്തെ ഒന്നു തൊഴാമെന്നാശിച്ച്‌ ആടി ആടി സ്റ്റേജിന്റെ സമീപത്തേക്കെത്തിയത്‌... ഒന്നു സൂക്ഷിച്ചു നോക്കി... തല കുടഞ്ഞ്‌ വീണ്ടും സൂക്ഷിച്ചു നോക്കി. എന്നിട്ടു തിരിഞ്ഞ്‌ മുന്‍പന്തിയിലിരുന്ന വികാരിയച്ചനോട്‌ ക്രൂശിത രൂപത്തിലേക്ക്‌ വിരല്‍ ചൂണ്ടി പറഞ്ഞു:

"അച്ചോ, ദേ, കാര്യമൊക്കെ കൊള്ളാം, നല്ലൊന്നാന്തരം റാഡോ വാച്ചാ കര്‍ത്താവിന്റെ കയ്യേല്‍ കെടക്കുന്നെ, കുരിശേന്നെറക്കി കല്ലറേല്‍ വെക്കുന്നേനു മുന്‍പ്‌ അതൂരി ഇങ്ങ്‌ തന്നേക്കണം കേട്ടാ"

ശേഷം ചിന്ത്യം!

സൂര്യോദയത്തിന്റെ വര്‍ക്കിച്ചേട്ടന്റെ ക്രിസ്തു വേഷം (http://sooryodayamdiary.blogspot.com/2006/09/blog-post.html) എന്ന പോസ്റ്റിനോട് ചേര്‍ത്തുവായിക്കാനപേക്ഷ!

Wednesday, September 06, 2006

ഗുണമോ മെച്ചം, ഫീസോ തുച്ഛം...

വര്‍ഷങ്ങള്‍ക്കു മുന്‍പ്, മര്യേജ് ബ്യൂറോകളും, ശാദി ഡോട്ട് കോമും ചിന്തകളില്‍ പോലും ഇല്ലാതിരുന്ന സമയം. സ്ഥലത്തെ പ്രധാന വിവാഹ ദല്ലാളായിരുന്നു കറുത്ത കുട്ടി. ഒരുമാതിരി വിവാഹപ്രായം ആയെന്നു തനിക്കു തോന്നുന്ന എല്ലാ ജീവ ജാലങ്ങളുടെയും ഭവനങ്ങള്‍ ഇടതടവില്ലാതെ സന്ദര്‍ശിക്കുകയും, അവരുടെ മാതാപിതാക്കളെ തങ്ങളുടെ കര്‍ത്തവ്യത്തെപ്പറ്റി ഓര്‍മ്മിപ്പിക്കയും ചെയ്യുക ജീവിത വ്രതമായ്‌ സ്വീകരിച്ച കുടുംബ സ്നേഹി... സ്ത്രീധനം പരസ്യമായുള്ള കാലത്തും, പരസ്യമായ രഹസ്യമായതിനു ശേഷവും, തന്റെ ഫീസ്‌ ആ തുകയുടെ വലിപ്പ ചെറുപ്പത്തിന്‌ ആനുപാതികമായ്‌ വ്യത്യാസം വരുത്താനറിയാത്ത പാവം. ഗുണമോ മെച്ചം, ഫീസോ തുച്ഛം !!!

അങ്ങനിരിക്കെയാണ്‌ സ്ഥലത്തെ പ്രധാന ദിവ്യന്മാരില്‍ ഒരാളുടെ ഏകമകള്‍ക്ക്‌ ഒരു നല്ല ബന്ധം കുട്ടി കണ്ടെത്തുന്നത്‌. വിവാഹം പൊടിപൊടിച്ചു... വിരുന്നുകാരെല്ലാം അത്തരം ഒരു ബന്ധം ലഭിച്ചതില്‍ വധുവിന്റെ പിതാവിനെ അഭിനന്ദിച്ചു. മനസ്സുനിറഞ്ഞ അദ്ദേഹം കറുത്തകുട്ടിക്ക്‌ കൃതഞ്ജതയില്‍ പൊതിഞ്ഞ ഒരു നോട്ടം സമ്മാനിച്ചു. "ഹേയ്‌, നോ മെന്‍ഷന്‍ പ്ലീസ്‌..." എന്ന നോട്ടം കുട്ടി തിരികെ നല്‍കി...

അന്ന് വൈകുന്നേരം ഇത്തിരി സേവിച്ച്‌, ഒരു ചെറിയ മൂളിപ്പാട്ടോടെ കുട്ടി വീടണഞ്ഞു. മകന്‍ അടുത്തുവന്നു ചോദിച്ചു "എന്താപ്പാ നല്ല കോളൊത്തൂന്നു തോന്നുന്നല്ലോ.. അമറന്‍ കല്ല്യാണമായിരുന്നൂന്ന് കേട്ടല്ലോ"

"ഈ കുട്ടിയാരാന്നാ നീ വിചാരിച്ചേ"

മകന്‍ "അല്ല, എത്ര കിട്ടിയപ്പാ?"

കുട്ടി "അല്ലെടാ, എവന്മാരൊക്കെ നമ്മളെപ്പറ്റി എന്താ കരുതിയിരുക്കുന്നേ, കാശുണ്ടായിട്ടു കാര്യമില്ല, മനസ്സു നന്നാവണം"

"എന്താപ്പാ? കാശു കിട്ടിയില്ലേ?"

"ഓ പിന്നേ, കല്ല്യാണം നടത്തിയത്‌ കുട്ടിയാണേല്‍, കാശുവാങ്ങാനും കുട്ടിക്കറിയാം..."

"പിന്നെന്താ എന്റപ്പാ പ്രശ്നം?"

"പറ്റിക്കാന്‍ നോക്കീഡാ... കല്ല്യാണം കഴിഞ്ഞപ്പൊ ഒരു വെളുത്ത ചിരീമായിട്ട്‌ അയാളൊരായിരം രൂപാ എന്നെ പിടിപ്പിക്കാന്‍ നോക്കി"

"എന്നിട്ടപ്പന്‍ വാങ്ങിയില്ലേ"

"എന്റെ പട്ടി വാങ്ങും, എനിക്കെന്റെ ഫീസ്‌ തെകച്ച്‌ വേണമെന്നു ഞാന്‍ തീര്‍ത്തു പറഞ്ഞു"

"അതിനപ്പന്റെ സ്ഥിരം ഫീസില്‍ കൂടുതലയാള്‍ തന്നില്ലേ, പിന്നെന്താപ്പാ"

"ഡാ, പള്ളുക്കൂടത്തി വിട്ടാ പടിക്കണം, ചുമ്മാ അപ്പനെ പടിപ്പിക്കാന്‍ വരല്ല്"

"അപ്പനെന്തപ്പനാപ്പാ ഈ പറേന്നേ ഞാനെന്തു പഠിപ്പിച്ചെന്നാ?”

“ഇല്ല എവന്‍ മേടിക്കും, ഡാ, എന്റെ ഫീസെത്രാ?"

"തൊള്ളായിരം രൂപ"

"ങാ, അതയാള്‍ക്കുമറിയാം, എന്നിട്ടാ പറ്റിക്കാന്‍ നോക്കുന്നെ, 'കുട്ടീ, ആയിരമാ തൊള്ളായിരത്തെക്കാള്‍ കൂടുതല്‍' എന്നൊക്കെ അയാള്‍ എത്ര നേരം പറഞ്ഞെന്നറിയാമോ? എനിക്കു വിദ്യാഫ്യാസമില്ലാത്തോണ്ട്‌ ഓസില്‍ കാര്യം നടത്താമെന്ന് കരുതിക്കാണും... ഞാനാരാ മോന്‍, തോള്ളായിരത്തില്‍ അഞ്ചു പൈസ കൊറഞ്ഞാല്‍ വെവരം അറീമെന്ന് ഞാന്‍ തീര്‍ത്തുപറഞ്ഞു."

"എന്നിട്ട്‌?"

"എന്നിട്ടെന്നാ തൊള്ളായിരം രൂപേം അയ്യാള്‍ തുള്ളിക്കോണ്ടുതന്നു, ങ്‌ഹും... ഒടിയന്റടുത്താ മായം കാണിക്കുന്നേ..."

നെറ്റിയില്‍ കയ്യും വച്ച്‌ നിലത്തിരുന്നുപോയ മകന്‍ പിറുപിറുത്തു "ഇയ്യാളേതു കോത്താഴത്തെ അപ്പാനാഡോ..."

അതു കേള്‍ക്കാതെ കുട്ടി തന്റെ ഡയറി നിവര്‍ത്തി, അടുത്ത തൊള്ളായിരത്തിലേക്കുള്ള വഴിയും തേടി...

Sunday, September 03, 2006

നീ എന്ന നീ, ഞാനെന്ന ഞാന്‍

ആള്‍ക്കൂട്ടത്തില്‍ അന്നാദ്യമായ്‌ നിന്നെ കാണുമ്പോള്‍ നിന്റെ മിഴികളില്‍ നിറഞ്ഞിരുന്നത്‌ എന്തായിരുന്നു? ശ്രദ്ധിക്കാനായില്ല... പിന്നെ ആരവങ്ങള്‍ അടങ്ങി ഞാന്‍ യാത്രയാകുമ്പോള്‍, വീണ്ടും ഒരു നോക്കു കണ്ടു... നിന്റെ ചുണ്ടില്‍ ഒരുതരി മന്ദഹാസപ്പൂക്കള്‍ വിരിഞ്ഞിരുന്നോ...

തീവണ്ടിയുടെ ദ്രുത താളം എന്നും ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു. പിന്നെ നാം കാണുമ്പോള്‍, ആ താളഗതിയില്‍ നീ പുറത്തേക്കു മിഴികള്‍ നട്ട്‌ ഇരിക്കയായിരുന്നു... എനിക്കൊരു പുഞ്ചിരി നീ സമ്മാനിച്ചു. നെഞ്ചു പൊള്ളിയത്‌ ഞാനറിഞ്ഞു, അരുതാത്ത നൊമ്പരം! പിന്നില്‍ എന്നെ ഉപേക്ഷിച്ച്‌ തീവണ്ടിയകന്നുപൊകുമ്പോള്‍, ഞാന്‍ പോലുമറിയാതെ ഒരു സുഖമുള്ള നൊമ്പരമായ്‌ നീ അന്നേ എന്നിലാവേശിച്ചിരിക്കാം! അന്നു നാം വഴി പിരിഞ്ഞു, പിന്നീടൊരിക്കലും നമ്മുടെ മിഴികള്‍ ഇടഞ്ഞിട്ടില്ല...

ജീവിതം ഗതിമാറി ഒഴുകുമ്പോള്‍, നീയായിരുന്നു ദിന രാത്രങ്ങളെ നിറച്ചത്‌! ചിലപ്പോഴെങ്കിലും നിന്റെ അദൃശ്യ സാമീപ്യം എന്നെ അലോസരപ്പെടുത്തിയിരുന്നു. പക്ഷേ, മെല്ലെ നീ ജീവിതത്തിന്റെ ഭാഗമായി എന്നത്‌ സമ്മതിക്കാതെ വയ്യ!പിന്നെ എന്നാണു നാം നമ്മെ അറിഞ്ഞത്‌? കാണാതെ, മിണ്ടാതെ... ആ കടല്‍ തീരത്തെ കാറ്റിന്റെ കുളിര്‍മയായിരുന്നില്ലേ ചാലകം? നീ കുറിച്ച ആദ്യക്ഷരങ്ങള്‍ ഇന്നുമെന്നെ പൊള്ളിക്കുന്നു... ചിന്തകള്‍, ആശയങ്ങള്‍, കവിതകള്‍, ചൂടേറിയ സംവാദങ്ങള്‍, രസങ്ങള്‍... രാഗ സാന്ദ്രമായ, കവിതാമയമായ ഒരു രാവിന്റെ ഓര്‍മ്മ എന്നും സുഖദമായുള്ളില്‍ വിരിഞ്ഞു നില്‍കുന്നു; എത്രയോ കാതങ്ങള്‍ ദൂരെയായിരുന്നന്നു നീ, എങ്കിലും നെഞ്ചിന്നരികിലായിരുന്നു അന്നു നീ! പിന്നെ നീ എന്ന നീ, ഞാനെന്ന ഞാന്‍! നാമെന്ന നാം.... നാം, ഒരേയൊരു വാക്ക്‌, ഹ്രസ്വം, സുന്ദരം, മനോജ്ഞം, മധുരതരം...

ബാലികേറാമല കയറാന്‍ ശ്രമിച്ചു നീ തളരുമ്പോള്‍, നിന്റെ കുരല്‍ വരളുമ്പോള്‍, വഴി വക്കിലെ ഇത്തിരി തെളിനീരാവാന്‍ എത്ര ശ്രമിച്ചു ഞാന്‍... ദുര്‍ഘടമായിരുന്നു കയറ്റം! ഒരിക്കല്‍ കാല്‍ വഴുതി നീ വീഴാന്‍ ഭാവിക്കുമ്പോള്‍, ദുര്‍ബ്ബലമെങ്കിലും എന്റെ കരം നീട്ടിയതോര്‍ക്കുന്നു. നീ എഴുന്നേറ്റത്‌ എന്റെ കരം പിടിച്ചായിരുന്നൊ എന്നറിയില്ല... അതായിരുന്നില്ല, നിന്റെ വിജയമായിരുന്നു പ്രധാനം. മെല്ലെ നീ കയറിപ്പോകുമ്പോള്‍, നിന്റെ പാദങ്ങള്‍ക്കു ദൃഢത ലഭിക്കാന്‍, പ്രാര്‍ത്ഥനയോടെ ആ മലയുടെ നെറുകയില്‍ നീയെന്ന ദീപം തെളിയുന്നതും കാത്ത്‌, താഴെ ഞാനുണ്ടായിരുന്നു... അത്‌ ഒരു സുഖമായിരുന്നു... ഒടുവിലാ ദീപം തെളിഞ്ഞത്‌ ഹര്‍ഷോന്മാദത്തോടെ ഞാന്‍ നോക്കി നിന്നു... പിന്നെ നീ പൊട്ടിയടര്‍ന്നു, പറന്നു, ആകാശം മാത്രമായി നിന്റെ അതിരുകള്‍. മെല്ലെ, മെല്ലെ... നാമില്ലാതെയായി, ഞാന്‍ ഞാനും, നീ നീയുമായി....

പ്രകാശം പരത്തുന്നവരാണു നക്ഷത്രങ്ങള്‍. അവ ആകാശത്തിനു സ്വന്തം, അവയ്ക്കു കളിക്കൂട്ടുകാരായി അനേകം നക്ഷത്രങ്ങള്‍; എങ്കിലും അവിടെ, കൈയ്യെത്താദൂരത്ത്‌ നോട്ടം എത്താതിതിരിക്കുന്നില്ല! തെളിഞ്ഞു മിന്നുന്ന നക്ഷത്രങ്ങള്‍ നയനാനന്ദകരമായ്‌ വിളങ്ങുമ്പോള്‍, കാര്‍മേഘങ്ങളേ ഈ കാഴ്ചയെങ്കിലും നിഷേധിക്കാതിരിക്കുക... അവ തിളങ്ങട്ടെ, ലോകം സന്തോഷിക്കട്ടെ... അല്‍പ നേരത്തേക്കു പൊലും ഈ താരത്തിനു പ്രകാശം നഷ്ടമാകുന്നോ എന്ന ഭീതി എന്റെ മിഴികള്‍ ഈറനാക്കാതിരിക്കട്ടെ....

Thursday, August 31, 2006

ഈശ്വരാ, കണ്ട്രോള്‍ തരൂ...

ഇവന്‍ മുന്ന - ഞങ്ങളുടെ മൂന്നു വയസ്സുകാരന്‍, എല്ലാം കാണുന്നവന്‍, കാണുന്നതെല്ലാം ഉമ്മ തന്നും, സെന്റിയടിച്ചും, ഏറ്റില്ലെങ്കില്‍ കരഞ്ഞും വാങ്ങിപ്പിക്കുന്നവന്‍! വാങ്ങുമ്പോള്‍ ഉള്ളതില്‍ മുന്തിയത് തന്നെ വാങ്ങിപ്പിക്കുന്നതില്‍ അവന്റമ്മേക്കാള്‍ പ്രാവീണ്യം ഉള്ളവന്‍! വാങ്ങുന്നതെല്ലാം ഒരു രാത്രി മുഴുമിക്കാന്‍ ഇടവരുത്താതെ എങ്ങനെ പീസുകളാക്കാം എന്ന വിഷയത്തില്‍ അവന്റപ്പനേക്കാള്‍ അവഗാഹമുള്ളവന്‍!! എന്നാല്‍ ഉള്ളതു പറയണമല്ലോ, അവനതിന്റെ യാതൊരു അഹങ്കാരവുമില്ല!! ഇവന്‍ മുന്ന!

ഷോപ്പിങ്ങിനു പോകും മുന്‍പ് ഞാന്‍ മുട്ടിന്മേല്‍ നിന്നു പ്രാര്‍ത്ഥിക്കും, നേര്‍ച്ചകള്‍ നേരും "തമ്പുരാനേ പോകുന്നിടത്തെ ടോയ്സ് ഒന്നും എവന്‍ കാണല്ലേ.. അഥവാ കണ്ടാലും ഇത്തിരി മയമുള്ളതേ കാണാവേ..." എന്തു നേര്‍ച്ച നേര്‍ന്നാലും അതു ഫലിച്ചാല്‍ ലാഭം തന്നെ! പക്ഷെ ഊപ്പര്‍വാല എപ്പൊഴും അവന്റൊപ്പമേ നിക്കൂ...

ഇന്നലെ വൈകുന്നേരം ഒരു റിമോട്ട് കണ്ട്രോള്‍ഡ് കാറിലാണ്‌ മൂപ്പരുടെ കണ്ണു പതിഞ്ഞത്‌! "തള്ളേ, പെട്ടല്ലോ" എന്ന അത്മഗതത്തോടെ അതിന്റെ വില ഞാന്‍ പാളി നോക്കി... ഇല്ല അവനീത്തവണയും തെറ്റീട്ടില്ല! അതിന്റെ വിലയെ തോല്പ്പിക്കാന്‍ ശ്രീമതിയുടെ മണിക്കൂറുകള്‍ നീണ്ട ഷോപ്പിങ്ങ് ലിസ്റ്റിനും കഴിയില്ല!!

കാര്‍ കണ്ടയുടനെ നമ്മുടെ സാര്‍ ഒന്നാം ഖണ്ഡികയില്‍ വിവരിച്ച ഓര്‍ഡറില്‍ തന്റെ പ്രവര്‍ത്തനം ആരംഭിച്ചു. സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും കഴുത്തിനു പിടിച്ചു വെളിയില്‍ തള്ളും എന്ന നിലയെത്തിയപ്പൊള്‍, ടോയ്സിനു വിലയിടുന്നവനെ ശപിച്ചു ഭസ്മമാക്കി, അതു വാങ്ങിക്കൊടുത്തു... വിജയസ്മിതത്തോടെ അവനത് ഏറ്റുവാങ്ങുമ്പോള്‍ "നിന്റെ സന്തോഷത്തേക്കാള്‍ വലുതായ് എനിക്കു ലോകത്തൊന്നുമില്ല കുഞ്ഞേ" എന്ന ആശ്വാസത്തോടെ ഞാന്‍ ഉപദേശിച്ചു: "കുട്ടാ ഇതു പൊട്ടിക്കല്ലേ, ഒത്തിരി വിലയുള്ളതാ..."

അതുപിന്നെനിക്കറിയില്ലേ എന്ന ഭാവത്തില്‍ അവന്‍ പറഞു "ഇല്ലപ്പാ മുന്ന സൂഷിക്കാം കേട്ടോ". “ആഹാ കേള്‍ക്കാനെന്താ ഒരു സുഖം" എന്നു വിചാരിച്ചു മുഴുമിച്ചില്ല, കാറതാ എസ്കലേറ്ററിന്റെ പടികളില്‍ തലതല്ലി, താഴത്തെ നിലയില്‍ കിടക്കുന്നു ആയിരത്തൊന്നു പീസുകളായയ്യയ്യൊ ശിവ ശിവ #%$*&^?!ട്%^ !!!

കരയണോ, ഇറങ്ങി ഓടണോ എന്നറിയാതെ പകച്ചു നില്ക്കുന്ന എന്നെ അവന്‍ തോണ്ടി വിളിക്കുമ്പോള്‍ "സോറി" പറയാനാവും എന്നു കരുതി "പോട്ടു കുട്ടാ സാരമില്ല" എന്നാശ്വസിപ്പിക്കാം എന്നു കരുതുമ്പോള്‍ ആവന്റെ അടുത്ത "ചോദ്യം "അപ്പാ ഇനി എന്നാ നമ്മള്‍ ഇവിടെ വരുന്നേ"...

ഈശ്വരാ എനിക്കു കണ്ട്രോള്‍ തരൂ...

Saturday, August 26, 2006

ഐസ്ക്രീം മാഹാ‍ത്മ്യം

ഭാര്യ കാര്യമായ് ഷോപ്പ് ചെയ്യുമ്പൊ ഞങ്ങളുടെ മൂന്നുവയസ്സുകാരന്‍ അടങ്ങിയിരിക്കട്ടെ എന്നു കരുതി അവനെ സ്നേഹത്തോടെ കൂട്ടി കൊണ്ടുപോയി ഒരു ലാര്‍ജ് ഗപ്പ് ഐസ്ക്രീം വാങ്ങി, ഷോപ്പിങ്ങ് മാളിലെ മാര്‍ബിള്‍ ബന്‍ച്ചിലിരുത്തി, കോരി കോരി കൊടുത്തു... പിറ്റേന്നു രാവിലെ നല്ല രസ്യന്‍ ചുമയോടെ ആള്‍ ഉണര്‍ന്നു...

ഞാന്‍ ചോദിച്ചു "കുട്ടാ എങ്ങനാ ചുമ പിടിച്ചേ?"
അവന്‍ പറഞ്ഞു "മുന്ന ഐക്കീം തിന്നിട്ട്"
ഞാന്‍ "കണ്ടൊ, ഇനി ഐസ്ക്രീം തിന്നല്ലേ, ചുമ വരില്ലേ"
അവന്‍ നെറ്റിയില്‍ കയ്യടിച്ച് ‘ഇയ്യാളെ ഞാനെന്താ ചെയ്ക‘ എന്ന രീതിയില്‍ പറഞ്ഞു "ഓ ഈ അപ്പേന്റെ ഒരു കാര്യം !, മുന്നക്ക് ചുമ പിടിച്ചത് ഈ മരുന്നു കയിക്കാനല്ലേ, ഐക്കീം പാവമല്ലേ...?"

എന്റെ പൊന്നേ നമിച്ചിരിക്കുന്നു....